പാലക്കാട്‌: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവ് വന്നിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുള്ളതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന് 2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാവുന്നതാണ്.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ 1 ശ്രീകൃഷ്ണപുരം (കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 മുതല്‍ 6 വരെ, 11 മുതല്‍ 18 വരെയും, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 മുതല്‍ 8 വരെയും, വാര്‍ഡ് 10 മുതല്‍ 14 വരെയും വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 13 വരെയുള്ള വാര്‍ഡുകള്‍, പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 4 വരെയുള്ള വാര്‍ഡുകളും, 10 മുതല്‍ 13 വരെയുള്ള വാര്‍ഡുകളും), കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷന്‍ 4 ചുങ്കമന്ദം (മാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 6, 7, 8 10 ,11,12,13,15 വാര്‍ഡുകള്‍ ), തരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 തോട്ടവിള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 മൂങ്കില്‍മട, എരുമയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കര്‍ക്കിടകചാല്‍ എന്നിവിടങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവകാശവാദ അപേക്ഷകള്‍ ഫോറം നമ്പര്‍ 4 ലും വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫോറം നമ്പര്‍ 6 ലും ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കോ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്കുള്ള സ്ഥാനമാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഫോറം നമ്പര്‍ 7 ലുമായി www.lsgelection.kerala.gov.in ല്‍ അപേക്ഷിക്കണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫോറം നമ്പര്‍ 5 ല്‍, ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നേരിട്ടോ രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷ നല്‍കാം. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20.