എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴ ബ്ലോക്കിൽ വാഴക്കുളം പൈനാപ്പിൾ എഫ്.പി.ഒ, പെരുമ്പാവൂർ ബ്ലോക്കിൽ മരച്ചീനി എഫ്.പി.ഒ, ജാതി എഫ്.പി.ഒ എന്നിവയാണ് രജിസ്റ്റർ ചെയ്ത ഓർഗനൈസേഷനുകൾ. നിർദ്ദിഷ്ട വിളകളുടെ ഉത്പാദനത്തിൽ വിത്ത് മുതൽ വിപണി വരെയുള്ള ഘടകങ്ങളോടൊപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉല്പാദനത്തിന് പ്രാമുഖ്യം നൽകുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കോവിഡ്, പ്രളയം പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണിയും വില സ്ഥിരതയും ഉറപ്പുവരുത്താനും ഇത്തരം ഓർഗനൈസേഷനുകൾ വഴി സാധിക്കും.