എറണാകുളം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും അയൽപക്ക സമിതികളുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു . ബുധനാഴ്ച അയൽപക്ക സമിതികളുടെ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കുറയുന്നതായും യോഗം വിലയിരുത്തി.
മാനദണ്ഡങ്ങൾ പാലിക്കാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മലിക് യോഗത്തിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കർമ്മപദ്ധതിക്ക് രൂപം നൽകി.
നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ബുധനാഴ്ച പ്രത്യേക യോഗം ചേരും. ആലുവ ജില്ലാ ആശുപത്രിക്ക് പുറമേ ജില്ലയിലെ പ്രധാന ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി 80000 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യും.
ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ജില്ലയിൽ പ്രത്യേക പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളിലും പ്രത്യേക പരിശോധന ശക്തമായി തുടരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.