പത്തനംതിട്ട: കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ജില്ലാതല പ്രചാരണോദ്ഘാടനം റാന്നി എം.എസ് എച്ച്.എസ് എസില്‍ നടന്നു. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ബ്രോഷര്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ജോമോള്‍ക്ക് എം.എല്‍.എ നല്‍കി. ഭരണസമിതി അംഗം രാജേഷ് എസ് വള്ളിക്കോട് അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍, സമഗ്ര ശിക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കുമാര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഗായത്രി ദേവി എന്നിവര്‍ പങ്കെടുത്തു.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ സംസ്ഥാനതലത്തില്‍ ആദ്യ മൂന്നു റാങ്കുകാര്‍ക്ക് 10,000, 5,000, 3,000 രൂപയുടെ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തില്‍ ഇരുവിഭാഗത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 60 കുട്ടികള്‍ക്ക് 1000 രൂപയുടെ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും.

തുടര്‍ന്നുവരുന്ന 100 കുട്ടികള്‍ക്ക് 500 രൂപയുടെ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. യു.പി, ഹൈസ്‌കൂള്‍ തലത്തിലാണ് മത്സരം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് തളിര് മാസിക സൗജന്യമായി ലഭിക്കും. അവസാനതീയതി സെപ്തംബര്‍ 30.