പത്തനംതിട്ട: ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിനകര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ആകെ നൂറ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളാണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവയ്പ്പില്‍ ഒരു സുപ്രധാന നാഴികകല്ലാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ തുടക്കമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണത്തോടെ ഇവയുടെ പരിപാലനം ഉറപ്പുവരുത്തും. ശുചിത്വത്തോടൊപ്പം കേരളത്തിന്റെ ടൂറിസം മേഖലക്കും ഇത്തരം കേന്ദ്രങ്ങള്‍ സഹായകരമാകും. യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യും.
ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്. ഈ മുന്നേറ്റത്തിന് ശക്തിപകര്‍ന്നുകൊണ്ടാണ് വൃത്തിയും ശുചിത്വവുമുള്ള പൊതു ശുചിമുറികള്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്.
നവകേരളം കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, തദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി ആര്‍ വിനോദ് കുമാര്‍, നഗരകാര്യ ഡയറക്ടര്‍ ഡോ. രേണു രാജ്, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയി ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. ശേഷിക്കുന്നവയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. നേരത്തേയുള്ളവയുടെ നവീകരണവും പുതുതായി നിര്‍മ്മിച്ചവയും ഉദ്ഘാടനം ചെയ്തവയില്‍ ഉള്‍പ്പെടും. സ്ഥലസൗകര്യമുള്ള കേന്ദ്രങ്ങളില്‍ ശുചിമുറികേന്ദ്രത്തോടനുബന്ധമായി കോഫീ ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍ എന്നിവകൂടി പ്രവര്‍ത്തിപ്പിക്കും. തദ്ദേശസ്ഥാനങ്ങളുടെ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടുമാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. വഴിയിടം എന്ന പേരിലാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ അറിയപ്പെടുക.