ഇടുക്കി: അൻപത്തിയൊന്ന് വര്‍ഷം നീണ്ട കാത്തിരുപ്പിനൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് പശുപ്പാറ സ്വദേശി ചരിവുകാലയില്‍ ശാന്തമ്മയും മകന്‍ സന്തോഷും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടയ മേളയിലൂടെ ശാന്തമ്മയുടെ കൈവശമുള്ള 85 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിക്കുക. 1970കളില്‍ പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ നിന്ന് എത്തി ഇവിടെ സ്ഥിരതാമസം ആക്കിയതാണ് ശാന്തമ്മ.
തോട്ടം മേഖലയില്‍ ജോലി ചെയ്താണ് തന്റെ മൂന്നു മക്കളെ വളര്‍ത്തിയതെന്ന് ശാന്തമ്മ പറയുന്നു.20 വര്‍ഷം തോട്ടം മേഖലയില്‍ ജോലി ചെയ്ത ഇവര്‍ക്ക് പാമ്പിന്റെ വിഷബാധയേറ്റതുമൂലം ശാരീരിക ബുദ്ധിമുട്ടുകളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു . ഇളയമകന്‍ സന്തോഷിന്റെ ഒപ്പമാണ് ശാന്തമ്മ ഇപ്പോള്‍ താസിക്കുന്നത് . കൈവശമുള്ള സ്ഥലത്ത് ജൈവകൃഷിയും മത്സ്യകൃഷിയും ചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തോടൊപ്പം അടുത്തുള്ള പ്രദേശങ്ങളില്‍ വല്ലപ്പോഴും ലഭിക്കുന്ന മേസ്തിരി ജോലിയും ആണ് ഈ കുടുംബത്തിന്റെ ഏക വരുമാനം.
രോഗിയായ അമ്മയെ തനിച്ചാക്കി ദൂരസ്ഥലങ്ങളില്‍ പോയി ജോലി ചെയ്യാന്‍ സന്തോഷിന് നിവൃത്തിയില്ല. പട്ടയം ലഭിക്കുന്നതോടെ കൃഷി കൂടുതല്‍ വിപുലമാക്കണം എന്നാണ് ജൈവ കര്‍ഷകന്‍ കൂടിയായ സന്തോഷിന്റെ ആഗ്രഹം. ഏലം,കാപ്പി കുരുമുളക്, ചെറുനാരകം തുടങ്ങിയ വിളകളാണ് തന്റെ കൃഷിയിടത്തില്‍ നിലവിലുള്ളതെന്ന് സന്തോഷ് പറയുന്നു.
തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശാന്തമ്മ പറയുമ്പോള്‍ അര നൂറ്റാണ്ടോളം നീണ്ട പട്ടയത്തിനായുഉള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പട്ടയത്തിന് ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ വഴി തങ്ങള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടു കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.