ജില്ലാതല മേള കളക്ടറേറ്റില്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 14ന് നടത്തുന്ന പട്ടയമേളയുടെ ഇടുക്കി ജില്ലാതല പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കുയിലിമല ജില്ലാ കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കു ശേഷം ചേരുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി യോഗത്തില്‍ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. ജില്ലാതല ചടങ്ങിനോടനുബന്ധിച്ച് ഇടുക്കി താലൂക്ക്, കട്ടപ്പന എല്‍ എ ഓഫീസ്, മുരിക്കാശേരി എല്‍എ ഓഫീസ് എന്നിവിടങ്ങളിലും പട്ടയവിതരണ മേള നടക്കും. താലൂക്ക് തലത്തില്‍ എംഎല്‍എമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ടായിരിക്കും എല്ലായിടത്തും ചടങ്ങുകള്‍ നടത്തുക എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ വിവിധ പട്ടയ വിതരണ ഓഫീസുകള്‍ മുഖാന്തിരം വിവിധ ഭൂമി പതിവു ചട്ടങ്ങള്‍ പ്രകാരം 2423 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കുന്നത്. 1964ലെ ഭൂമി പതിവു ചട്ടങ്ങള്‍ 1813, 1993ലെ പ്രത്യേക ഭൂമി പതിവു ചട്ടങ്ങള്‍ 393, എല്‍റ്റി ക്രയസര്‍ട്ടിഫിക്കറ്റ് 25, മുനിസിപ്പല്‍ ചട്ടങ്ങള്‍ 3, വനാവകാശ രേഖ 158, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം 31 എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം വിതരണം ചെയ്യുന്നത്.

ഇടുക്കി താലൂക്കിനു കീഴില്‍ ഇടുക്കി താലൂക്ക്, കട്ടപ്പന എല്‍ എ ഓഫീസ്, ഇടുക്കി എല്‍എ ഓഫീസ്, മുരിക്കാശേരി എല്‍എ, വനാവകാശ രേഖ(കളക്ടറേറ്റ്)- 1748, ഉടുമ്പന്‍ചോല താലൂക്കിനു കീഴില്‍ നെടുങ്കണ്ടം എല്‍ എ ഓഫീസ്, രാജകുമാരി എല്‍ എ ഓഫീസ്, സബ്കളക്ടര്‍ -157, പീരുമേട് എല്‍ എ ഓഫീസ് 33, ദേവികുളം താലൂക്ക് ഓഫീസ് 230, തൊടുപുഴ താലൂക്ക് ഓഫീസ് 255 എന്നിങ്ങനെയാണ് താലൂക്കുകളില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഓരോ താലൂക്കിലും പത്തു പേരെ വീതം ഉള്‍ക്കൊള്ളിച്ചാണ് പരിപാടി നടത്തുന്നത്. ബാക്കിയുള്ളവര്‍ക്ക് അതത് പട്ടയം ഓഫീസുകളില്‍ നിന്നും താലൂക്ക് ഓഫീസുകളില്‍ നിന്നും പട്ടയം വാങ്ങാം.