ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മായിത്തറയില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലയിലെ ആദ്യത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.

2014ലാണ് ഹോസ്റ്റലിന്റെ നിര്‍മാണത്തിന് അനുമതി ലഭിച്ചത്. നാലു കോടി രൂപ ചെലവില്‍ 1,242 മീറ്റര്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. 60 കുട്ടികള്‍ക്ക് താമസിക്കാം. രണ്ട് പേര്‍ക്ക് ഒരു മുറി എന്ന നിലയില്‍ 30 മുറികളാണ് ഹോസ്റ്റലില്‍ ഉള്ളത്.

അടുക്കള, സ്റ്റോര്‍, വര്‍ക്ക് ഏരിയ, ഭക്ഷണ ഹാള്‍, സന്ദര്‍ശക മുറി, സിക്ക് റൂം, ഓഫീസ് മുറികള്‍, പഠന മുറി, സ്റ്റാഫ് റൂം എന്നീ സൗകര്യങ്ങളുണ്ട്. ഹയര്‍ സെക്കണ്ടറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ താമസസൗകര്യം ഉണ്ടാകുക. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം പ്രയോജനപ്പെടുത്താം.