ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കഴിയുന്ന ആറാട്ടുപുഴയിലെ സുനാമി ബാധിതരായ കുടുംബങ്ങളും സ്വന്തം ഭൂമി കിട്ടിയ സന്തോഷത്തിലാണ്. സുനാമി ഏറ്റവുമധികം നാശം വിതച്ച കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്കാണ് പട്ടയ മേളയിലൂടെ പട്ടയം ലഭിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ ഏറെയും.

സുനാമിയില്‍ തകര്‍ന്ന വീടുകള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി വീണ്ടും പണിതു. വീടെന്ന സപ്നം യാഥാര്‍ഥ്യമായപ്പോഴും സ്വന്തം ഭൂമിയെന്ന സ്വപ്നം ഇവരില്‍ പലര്‍ക്കും അന്യമായിരുന്നു. ഇന്ന് സ്വന്തം ഭൂമി ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വട്ടച്ചാല്‍ സ്വദേശിയായ അജികുമാറിനും ഭാര്യ കലയ്ക്കും മത്സ്യഫെഡിന്റെ സഹായത്തോടെ വീട് ലഭിച്ചെങ്കിലും സ്വന്തമായി പട്ടയം ഇല്ലായിരുന്നു. സുനാമി ബാധിതരായ ഇവര്‍ ഒരുവര്‍ഷമായി പട്ടയത്തിന് അപേക്ഷിച്ചിട്ട്. പട്ടയം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കലയും അജികുമാറും പറഞ്ഞു. രണ്ടു കുട്ടികളാണ് ഇവര്‍ക്ക്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 22 പട്ടയങ്ങളാണ് വിതരണം ചെയ്തത്.