കോട്ടയം: മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മുക്കാൽ സെന്റ് ഭൂമിയ്ക്ക് അവകാശിയായതിന്റെ സന്തോഷത്തിലാണ് കുരിശുംമൂട് പുതുപ്പറമ്പിൽ മായിൻ കുട്ടി. ആറു വർഷം മുമ്പ് ഭാര്യ മരിച്ചു. അധികം വൈകാതെ മൂത്ത രണ്ടു മക്കൾ മരിച്ചു. ഇടുങ്ങിയ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലാത്തതിനാൽ ഇളയ മകനും കുടുംബവും വാടകയ്ക്കാണ് താമസം.

‘ആയ കാലത്ത് നന്നായി പണിയെടുത്തതാ, ഇപ്പോ വയ്യ. കണ്ണടയുന്നതിന് മുമ്പ് പട്ടയം കിട്ടണോന്ന് വല്യ ആഗ്രഹമായിരുന്നു. ഇന്നത് സാധിച്ചു’ ജോബ് മൈക്കിൾ എം. എൽ.എയുടെ കൈയിൽ നിന്ന് സ്വീകരിച്ച പട്ടയം നെഞ്ചോടടുക്കി പിടിച്ച് മായിൻ കുട്ടി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷനാണ് മായിൻ കുട്ടിയുടെ ഏക ആശ്രയം.

വാഴപ്പള്ളി കിഴക്ക് വില്ലേജ് പരിധിയിലെ പാറപുറമ്പോക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതാണ് മായിൻ കുട്ടിയുടെ മുക്കാൽ സെന്റ് വസ്തു. പാറ ഭൂമി പതിച്ചു കൊടുക്കാനും ഒരു സെന്റിൽ താഴെയുള്ള ഭൂമിയ്ക്ക് പട്ടയം നൽകാനും നിലവിൽ നിയമമില്ലാത്തതിനാൽ പ്രത്യേക സർക്കാർ ഉത്തരവിലൂടെയാണ് മായിൻ കുട്ടിയുടെ പട്ടയം സാധ്യമാക്കിയത്.
പട്ടയം കിട്ടിയതിനാൽ ഭവന പദ്ധതിയിലൂടെ കെട്ടുറപ്പുള്ള വീട് വച്ച് മകനും കുടുംബവുമൊത്തു താമസിക്കാമെന്ന സന്തോഷത്തോടെയാണ് മായിൻകുട്ടി വീട്ടിലേക്ക് മടങ്ങിയത്.