ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓമനയുടെ സ്വപ്നവും പൂവണിഞ്ഞു. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ വെച്ച് നടന്ന പട്ടയ വിതരണത്തിലാണ് ഓമനയുടെ വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർത്ഥ്യമായത്. പൂവൻചിറ ട്രൈബൽ കോളനിയിൽ താമസിക്കുന്ന ഓമനയ്ക്ക് ലഭിച്ചത് വീടിനോട് ചേർന്ന 17 സെൻ്റ് പട്ടയഭൂമിയാണ്.

പാണഞ്ചേരി പഞ്ചായത്തിലെ 5-ാം വാർഡിൽ പൂവൻചിറ ട്രൈബൽ കോളനിയിൽ താമസിക്കുന്ന ഓമനയുടെ ഭർത്താവ് കൃഷ്ണൻ എട്ട് വർഷങ്ങളായി മരണപ്പെട്ടിട്ട്. 57 വയസ്സുള്ള ഓമന കൂലിപണിയെടുത്താണ് രണ്ട് പെൺമക്കൾ ഉൾപ്പെട്ട കുടുംബത്തെ പുലർത്തിയത്. പട്ടയം ലഭിക്കുന്നതിന് ഇരുപതു വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും വനഭൂമി പട്ടയമായതിനാൽ ഇതിന് ഒരുപാട് നിയമ തടസങ്ങളുണ്ടായിരുന്നു.

എന്നാൽ സർക്കാരിൻ്റെ വേർതിരിവുകളില്ലാത്ത ഇടപെടൽ ഏറെ പ്രയോജനകരമായെന്നും വർഷങ്ങളായുള്ള ശ്രമത്തിന് ഫലം കണ്ടെന്നും ഓമന പറയുന്നു. ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ റവന്യൂവകുപ്പ് മന്ത്രി കെ രാജനിൽ നിന്നാണ് ഓമന പട്ടയം സ്വീകരിച്ചത്.