എറണാകുളം : റദ്ദായ പട്ടയം വീണ്ടും ലഭിച്ചതിന്റെ സന്തോഷത്തിലാണ് പച്ചാളം സ്വദേശിയായ സുനിൽ കുമാറും ഭാര്യ ഷീമയും . സുനിൽ കുമാറിന്റെ പിതാവിന്റെ പേരിലായിരുന്ന 3 സെന്റ് ഭൂമിക്ക് നേരത്തെ പട്ടയം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കപ്പെട്ടു. നൂറു വർഷത്തോളം പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.

കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ വന്ന ഈ വീട് പുനർനിർമിക്കുന്നതിന് വിവിധ പദ്ധതികളിൽ അപേക്ഷിച്ചിരുന്നുവെങ്കിലും ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ഇവയിൽ നിന്നെല്ലാം ഒഴിവാക്കപ്പെടുകയായിരുന്നു. ഇനി അടച്ചുറപ്പുള്ള വീട് എന്ന തങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം സഫലമാകുന്നതിന് ഒരു കടമ്പ കൂടെ കടന്ന സന്തോഷത്തിലാണ് ഇരുവരും. കൊച്ചി മേയർ അഡ്വ . എം. അനിൽകുമാറിൽ നിന്നാണ് ജില്ലാതല പട്ടയ മേളയിൽ പട്ടയം ഏറ്റുവാങ്ങിയത്.