ഇടുക്കി: ഭൂമി സംബന്ധമായ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ അവ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍പ്പെടുത്തി 13500 പട്ടയങ്ങള്‍ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷമാണ് ജില്ലാതല ഉദ്ഘാടനവും താലൂക്ക് തലത്തില്‍ ഉദ്ഘാടനങ്ങളും നടത്തിയത്.

സാങ്കതിക തടസങ്ങള്‍ നീക്കിയാണ് ഇപ്പോള്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. കല്ലാര്‍കുട്ടി പോലെയുള്ള സ്ഥലങ്ങളില്‍ പട്ടയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിവരുകയാണെന്ന് മന്ത്രി പറഞ്ഞു. 10 പേരാണ് കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പട്ടയം കൈപ്പറ്റിയത്.

പെരിങ്ങാശ്ശേരി പാറേപുറയ്ക്കല്‍ രാജി ചന്ദ്രശേഖരന്‍, വളയാറ്റില്‍ വി.എന്‍ മോഹനന്‍, മണിയാറന്‍കുടി പുത്തന്‍പുരയില്‍ ചെന്താമരാക്ഷന്‍, കുന്നുംപുറത്ത് ഭവാനി ഗോപാലന്‍, കട്ടപ്പന കാഞ്ഞിരക്കാട്ട് വത്സല പ്രഭാകരന്‍, കട്ടപ്പന പുതുപ്പറമ്പില്‍ ലീലാമ്മ യേശുദാസ്, ഉപ്പതോട് കൊറ്റോത്ത് ജയ ജോര്‍ജ്ജ്, പാറത്തോട് പുരയിടത്തില്‍ റെജി പി.വി, ആലിന്‍ചുവട് ചാപ്രായില്‍ ജയചന്ദ്രന്‍ , ചേലചുവട് പൈതൊട്ടിയില്‍ സോണിയ സണ്ണി

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേത് ഉള്‍പ്പെടെ ഏഴു പട്ടയമേളകളിലായി ജില്ലയില്‍ ഇതുവരെ 35095 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇന്നലെ വിവിധ വിഭാഗങ്ങളിലായി 2423 പേര്‍ക്കാണ് പട്ടയം നല്‍കിയത്.

എഡിഎം ഷൈജു പി ജേക്കബ് സ്വാഗതം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ബ്ളോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം രാജു കല്ലറയ്ക്കല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ കെ ജയചന്ദ്രന്‍, കെ കെ ശിവരാമന്‍, സി പി മാത്യു, അനില്‍ കൂവപ്ളാക്കല്‍, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കി ആര്‍ഡിഒ എം കെ ഷാജി നന്ദി പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും പരിപാടികള്‍ സംഘടിപ്പിച്ചത്.