വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടന്ന പട്ടയമേളയില്‍ 406 പട്ടയങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ – 172, വൈത്തിരിയില്‍ – 136, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ – 98 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. 1964- 95 ലെ ഭൂപതിവ് ചട്ടപ്രകാരം 5 എണ്ണവും എസ്.ടി വിഭാഗക്കാര്‍ക്ക് ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം – 53 എണ്ണവും, ദേവസ്വം പട്ടയം – 15 എണ്ണവും, ലാന്റ് ട്രൈബ്യൂണന്‍ പട്ടയം – 292 എണ്ണവും, വനാവകാശ പ്രകാരമുളള കൈവശ രേഖ -41 എണ്ണവുമാണ് ചൊവ്വാഴ്ച്ച വിതരണം ചെയ്തത്.

ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സ്വന്തമായി ഒരിടം ഏതൊരു മനുഷ്യന്റെയും സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു. ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതോടെ സമൂഹത്തിന്റെ മുന്നില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനും ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്ക് കടന്ന് ചെല്ലാനും ഒരാള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും. വയനാട് ജില്ലയില്‍ വരുന്ന അഞ്ച് വര്‍ഷത്തിനുളളില്‍ ചുരുങ്ങിയത് 2500 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. നസീമ, കൗണ്‍സിലര്‍ ടി.മണി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മാനന്തവാടി താലൂക്ക്തല പട്ടയമേള ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര കോളനി നിവാസികള്‍ക്ക് പ്രളയ പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ച ഭൂമികളുടെ ഉടമസ്ഥാവകാശ രേഖയും-63 എണ്ണം കൈമാറി. ലാന്റ് ബാങ്ക് പട്ടയ വിതരണം സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി നിര്‍വഹിച്ചു.

പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര കോളനി നിവാസികള്‍ക്ക് പ്രളയ പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ച ഭൂമികളുടെ ഉടമസ്ഥാവകാശ രേഖ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി, എല്‍. ബി തഹസില്‍ദാര്‍ കെ. ബി. സുരേഷ് ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. സി രാകേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭൂരേഖ എം. ജെ. അഗസ്റ്റിന്‍, ടി. ഡി. ഒ. ജി. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല പട്ടയ മേള ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേഷ്, ബത്തേരി തഹസില്‍ദാര്‍ പി.എം. കുര്യന്‍, ടി. ഡി. ഒ. സി ഇസ്മയില്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍ ) ജാഫറലി, തഹസില്‍ദാര്‍ ഭൂരേഖ ആന്റോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.