തിരുവനന്തപുരം: ജില്ലയിൽ ഭൂരഹിതരായി കഴിഞ്ഞിരുന്ന 86 പേർക്കു കൂടി സ്വന്തം പേരിൽ ഭൂമിയായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വിവിധ താലൂക്കുകളിൽവച്ച് ഇവ വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു ഭൂരഹിതർക്കു പട്ടയങ്ങളും കൈവശാവകാശ രേഖകളും വിതരണം ചെയ്യുന്നത്.

ജില്ലാതല പട്ടയ വിതരണം നെടുമങ്ങാട് ടൗൺ ഹാളിൽ ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. 20 പട്ടയങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ആറ്, കാട്ടാക്കട – 11, ചിറയിൻകീഴ് – 10, തിരുവനന്തപുരം – 36, വർക്കല – 3 എന്നിങ്ങനെയാണു മറ്റിടങ്ങളിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം. ചിറയിൻകീഴ് താലൂക്കിൽ ഒരാൾക്കു കൈവശാവകാശ രേഖയും കൈമാറി.

തിരുവനന്തപുരം താലൂക്കിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു പട്ടയങ്ങൾ വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകരയിൽ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, കാട്ടാക്കടയിൽ എം.എൽ.എമാരായ ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, ചിറയിൻകീഴിൽ എം.എൽ.എമാരായ വി. ശശി, ഒ.എസ്. അംബിക, വർക്കലയിൽ വി. ജോയി എം.എൽ.എ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.