ഇടുക്കി: 81-ാം മത്തെ വയസ്സില്‍ ഭൂവുടമയായ ആയതിന്റെ സന്തോഷത്തിലാണ് ഭവാനി. ഇടുക്കി തടിയമ്പാട് സ്വദേശി കുന്നുംപുറത്ത് വീട്ടില്‍ ഭവാനി ഗോപാലന് 0.1980 ഹെക്ടര്‍ സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്.

തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും സ്വന്തം സ്ഥലത്ത് അധ്വാനിക്കുന്നതിനായി ചെലവഴിച്ചെങ്കിലും ഇപ്പോഴാണ് പട്ടയം ലഭിച്ചതെന്ന് ഭവാനി പറയുന്നു. കൊച്ചു മകന്റെ ഭാര്യയ്ക്കൊപ്പമാണ് ഭവാനി പട്ടയം കൈപ്പറ്റാന്‍ എത്തിയത്. ഭര്‍ത്താവ് ഗോപാലന്റെ കാലത്ത് ആരംഭിച്ചതാണ് പട്ടയം ലഭിക്കാനുള്ള ശ്രമങ്ങള്‍. നാളിതുവരെ അനവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഈ സര്‍ക്കാരിന്റെ കാലത്താണ് തന്റെ ഉടമസ്ഥാവകാശം ലഭിച്ചതെന്ന് ഭവാനി പറയുന്നു.

മൂത്തമകന്‍ സത്യനൊപ്പമാണ് ഭവാനി ഇപ്പോള്‍ താമസിക്കുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പട്ടയം ലഭിച്ചപ്പോള്‍ ഭവാനിക്ക് അതിയായ സന്തോഷവും ഒപ്പം സര്‍ക്കാരിനോട് നന്ദിയും ഉണ്ടെന്ന് പറഞ്ഞു.