ഇടുക്കി: മൂന്നാറില്‍ താലൂക്ക് ആശുപത്രി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികളുടെ ഭാഗമായിട്ടാണിത്. ജില്ലാ ഭരണകൂടം ഭൂമി വിട്ടുനല്‍കുന്ന മുറയ്ക്ക് മറ്റ് അനുമതികള്‍ വാങ്ങി കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കാനാണ് തീരുമാനം. കോളേജിനായി കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ 15 ഏക്കര്‍ ആണ് താലൂക്ക് ആശുപത്രി നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയിട്ടുള്ളത്.

സാാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കുകയും ജിയോളജിക്കല്‍ വകുപ്പിന്റെ അനുമതി ലഭിക്കുകയും ചെയ്താല്‍ പണികള്‍ ആരംഭിക്കും. 78 കോടി രൂപ മുടക്കിയാണ് നിര്‍മ്മാണം. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട സ്ഥലം ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. അഡ്വ.എ.രാജ എം എല്‍ എ , ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു.

വിവിധ സര്‍ക്കാര്‍ വകുപ്പിന്റെ പ്രതിനിധികളും സംഘത്തോടൊപ്പമുണ്ടായിരുന്നു. മൂന്നാര്‍ നിന്നും സൈലന്റ് വാലി റോഡില്‍ കെ.എഫ്.ഡി.സി യുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതിനു സമീപത്താണ് ആശുപത്രി നിര്‍മ്മാണത്തിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക ഘട്ടത്തില്‍ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മണ്ണു പരിശോധനയടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

സന്ദര്‍ശനത്തിനു ശേഷം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. കിഫ് ബി ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങളായ കൃഷ്ണ സ്വാമി, ശ്രീകണ്ഠന്‍ നായര്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മണി മൊഴി, ജില്ലാ പഞ്ചായത്ത് അംഗം എം.ഭവ്യ, ദേവികുളം തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.