ഇടുക്കി: രാജാക്കാട് ഹൈടെക്ക് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി.
രാജാക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രാദേശിക യോഗം എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് വേണ്ടി ഹൈടെക്ക് സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാഫലകവും എം.എം മണി അനാച്ഛാദനം ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ ഹൈടെക്ക് ആക്കി മാറ്റി. ഇതിന്റെ ഭാഗമായി വലിയ തോതിലുള്ള മുതല്‍ മുടക്കാണ് വിദ്യാഭ്യാസ രംഗത്ത് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്താന്‍ പോകുന്നത്.
പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം പൊതുജനങ്ങളുടെ കടമയാണെന്നും എം.എം മണി പറഞ്ഞു. കിഫ്ബിയില്‍ മൂന്ന് കോടി രൂപയും എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന എംഎം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10.52 ലക്ഷം രൂപയും ചിലവഴിച്ചാണ് പുതിയ ഹൈടെക്ക് സ്‌കൂള്‍ മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.
പ്രാദേശിക യോഗത്തില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, രാജക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ്, ത്രിതലപഞ്ചായത്തംഗങ്ങളായ കിങ്ങിണി രാജേന്ദ്രന്‍, കെ.പി സുബീഷ്, ബിജി സന്തോഷ്, ബെന്നി പാലക്കാട്ട്, സി.ആര്‍ രാജു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ബിനുമോന്‍ കെ.എ, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിനി ഇ.ആര്‍, ഹെഡ്മാസ്റ്റര്‍ ഹനീഫ എന്‍.പി തുടങ്ങിയവര്‍ സംസാരിച്ചു.
ഹൈടെക്ക് സ്‌കൂള്‍ @ രാജാക്കാട്
1955ല്‍ എല്‍.പി സ്‌കൂളായി രാജക്കാട് ആരംഭിച്ച ഗവണ്‍മെന്റ് സ്‌കൂള്‍ ഇന്ന് നാടിന് അഭിമാനമായി 1500ല്‍ അധികം വിദ്യാര്‍ത്ഥികളുമായി ഹൈടെക്ക് സ്‌കൂളായി മാറി. കിഫ്ബി പദ്ധതിയില്‍ മൂന്ന് കോടി രൂപയും, എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന എംഎം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10.52 ലക്ഷം രൂപയും ചിലവഴിച്ചാണ് പുതിയ ഹൈടെക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്.
4200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായി 16 ഹൈടെക്ക് ക്ലാസ് മുറികളും രണ്ട് ബ്ലോക്കുകളില്‍ അത്യാധുനിക നിലവാരത്തിലുള്ള ടോയ്ലെറ്റ് സമുച്ഛയവുമാണ് ഒരുക്കിയിട്ടുള്ളത്. എല്‍.കെ.ജി മുതല്‍ പ്ല്സ് ടു വരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 40 ഡിവിഷനുകളിലായി 1500ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എസ്.പി.സി, എന്‍സിസി, സകൗട്ട് ആന്റ് ഗൈഡ്സ്, ജെആര്‍സി, എന്‍എസ്എസ് തുടങ്ങി വിവിധ യൂണിറ്റുകളും സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മലയോര മേഖലയായ രാജക്കാടും പരിസര പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരാന്‍ ഏഴോളം സ്‌കൂള്‍ ബസുമുണ്ട്. പ്രീജ ശ്രീധരനും ആല്‍ബിന്‍ സണ്ണിയുമടക്കം നിരവധി കായിക താരങ്ങളെ കായികലോകത്തിന് സംഭാവന ചെയ്ത ചരിത്രവും രാജക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമാണ്.