കോട്ടയം: സ്വന്തമായൊരു തുണ്ട് ഭൂമിക്കായി ആനിക്കാട് പെരുമ്പാറ കോളനി നിവാസികളുടെ അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പട്ടയ രേഖ കൈമാറി. ‘പൂർവികരായിട്ട് താമസിച്ച് വരുന്നതിവിടെയാണ്.

ഇതിൽപരം സന്തോഷം വേറെയില്ല’ അണപൊട്ടിയൊഴുകിയ സന്തോഷത്തോടെ പട്ടയ രേഖ കൈപ്പറ്റിയ മേരി വർക്കി പറഞ്ഞു. പട്ടയമില്ലാത്തതിനാൽ വീട് നിർമിക്കുന്നതിനോ വീട് അറ്റകുറ്റപ്പണികൾക്കോ സർക്കാർ സഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള സാഹചര്യമില്ലായിരുന്നു. സർക്കാർ പദ്ധതികൾക്ക് ഇനി ധൈര്യമായി അപേക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണിവർ. ഇവർ താമസിച്ചിരുന്ന പുറമ്പോക്ക് ഭൂമിയിൽ പാറയുൾപ്പെട്ടിരുന്നത് പട്ടയം നൽകുന്നതിന് തടസമായി.

ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. 1964 ലെ ഭൂമിപതിവ് ചട്ടപ്രകാരമാണ് പെരുമ്പാറ കോളനിയിലെ തെയ്യാമ്മ ബേബി, കുഞ്ഞുമോൾ വർഗീസ്, ബിജു തോമസ്, അന്നക്കുട്ടി ടോമി, മാർക്കോസ് തോമസ്, സുരേന്ദ്രൻ പി.കെ, ശാന്തമ്മ, മറിയാമ്മ ജോൺ, ടോമി തോമസ്, ലീല ചാക്കോ, അനീഷ് ആൻണി, പി.സി തോമസ്, മേരി വർക്കി, സിബി സെബാസ്റ്റ്യൻ എന്നിവർക്ക് പട്ടയം ലഭ്യമാക്കിയത്.