കാസർഗോഡ്: വാടകവീടുകള്‍ മാറിമാറിക്കഴിയേണ്ടുന്ന അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചൗക്കി ബെദ്രടുക്കയിലെ ഹരിണാക്ഷി. 29 വര്‍ഷമായി ഹരിണാക്ഷിയും മക്കളും വാടകവീടുകളിലാണ് കഴിയുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഭവന പദ്ധതികള്‍ക്ക് പുറത്തായിരുന്നു ഇവര്‍. ഒരു വീട് നിര്‍മ്മിക്കാനുള്ള ഭൂമി ലഭ്യമാക്കണമെന്ന ഹരിണാക്ഷിയുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ പട്ടയമേളയില്‍ തീര്‍പ്പായത്.

ചൗക്കി ഉജിറക്കോളയില്‍ മൂന്ന് സെന്റ് ഭൂമി ഇനി ഇവര്‍ക്ക് സ്വന്തം. മാനസിക വെല്ലുവിളി നേരിടുന്ന 26കാരനായ മകന്‍ പുഷ്പരാജിനൊപ്പമെത്തി പട്ടയം സ്വീകരിക്കുന്ന നിമിഷത്തില്‍ ഇവര്‍ അത്രയേറെ ആഹ്ലാദിച്ചു. ഇനി സര്‍ക്കാര്‍ പദ്ധതിയില്‍ ഒരു വീട് കൂടി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഹരിണാക്ഷി പട്ടയമേളയില്‍ നിന്നും മടങ്ങിയത്.