കാസർഗോഡ്: ബേളയിലെ സത്യവതിയും ശ്രീധരനും സന്തോഷത്തിലാണ്. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് വീടിനും സ്ഥലത്തിനും പട്ടയമായി. കൂലിപ്പണിക്കാരനായ ശ്രീധരനും ഭാര്യയും മക്കളും അമ്മയും ചേര്‍ന്നതാണ് കുടുംബം. ബദിയഡുക്ക പഞ്ചായത്ത് പരിധിയിലെ താമസക്കാരായ ഇവര്‍ക്ക് പട്ടയമേളയില്‍ 15 സെന്റ് സ്ഥലത്തിനുള്ള പട്ടയമാണ് ലഭിച്ചത്.

കുടികിടപ്പ് അവകാശം ലഭിച്ച ഭൂമിയ്ക്ക് പട്ടയം ലഭിക്കാനായി 2008 മുതല്‍ കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. 2017 ല്‍ നല്‍കിയ അപേക്ഷയില്‍ തങ്ങള്‍ക്ക് പട്ടയം അനുവദിച്ച സര്‍ക്കാറിന് നന്ദി പറഞ്ഞാണ് ശ്രീധരനും സത്യവതിയും വേദി വിട്ടത്.