തൃശ്ശൂർ: ഔഷധസസ്യ ഉദ്യാനമൊരുക്കി ആയുഷ് ഡിസ്‌പെന്‍സറികളുടെ പരിസരം പ്രകൃതി സൗഹൃദമാക്കി മികവിലേയ്ക്ക്. കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത ആറ് ആയുഷ് (ആയുര്‍വേദ ഹോമിയോ) ഡിസ്പെന്‍സറികളില്‍ തയ്യാറാക്കിയ ഔഷധസസ്യ ഉദ്യാനങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഭാഗമായാണ് ഇത് ഒരുക്കിയത്.

ജില്ലയിലെ തിരഞ്ഞെടുത്ത ആയുര്‍വേദ ഡിസ്‌പെന്‍സറികളായ ചൊവ്വന്നൂര്‍, ചെങ്ങാലൂര്‍, അയ്യന്തോള്‍, മുണ്ടത്തിക്കോട്, ഹോമിയോ ഡിസ്‌പെന്‍സറികളായ പുത്തൂര്‍, കൊണ്ടാഴി എന്നിവിടങ്ങളില്‍ ഔഷധ ഉദ്യാനങ്ങള്‍ ഉദ്ഘാടനം ചെയ്തു. നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, ഹൈഡ്രാഞ്ചിയ, തൂജ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും രേഖപ്പെടുത്തിയ വിവരണങ്ങളും ഓരോ ചെടിയോടൊപ്പവും ഉണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങളും ഇതിന് സഹായവുമായി രംഗത്തുണ്ട്. പരിപാലനത്തിന് ഓരോ ഡിസ്‌പെന്‍സറിയിലും പ്രത്യേക കമ്മറ്റിയും രൂപീകരിച്ച് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.