എറണാകുളം: കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം 18 ന് പകൽ 11.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഹബ്ബിൻ്റ നിർമ്മാണം. വ്യവസായ സംരംഭകർക്ക് സ്റ്റാർട്ട് അപുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ആണ് ഇവിടെ ഒരുങ്ങുന്നത്.

കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്താണ് ആദ്യ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത്.
വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നൂതന ആശയങ്ങൾ, മാർഗനിർദ്ദേശങ്ങൾ, സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള സഹായങ്ങൾ എന്നിവക്കുള്ള വൺ സ്റ്റോപ്പ് ഷോപ്പായാണ് പദ്ധതി നടപ്പാക്കുന്നത്.. മൊത്തം 2 ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മാണം.

അന്തർദേശീയഉൽപ്പന്നങ്ങളുടെ ലോഞ്ച് പാഡുകൾ, ഇൻകുബേറ്റർ ആക്സിലറേറ്റർ സ്പേസ്, 500 ആളുകളെ ഉൾക്കൊള്ളിക്കാവുന്ന തിയേറ്റർ, ഓഫീസ് ഇടങ്ങൾ, പരിശീലന കേന്ദ്രം, സ്റ്റുഡിയോ, കോൺഫറൻസ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയും ഹബ്ബിലുണ്ട്. വിപുലീകരണത്തിലൂടെ 2000 ലധികം വ്യക്തികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.