തൃശ്ശൂർ: നെന്മണിക്കര ഫാമിലി ഹെല്‍ത്ത് സെന്ററിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ ആരോഗ്യം മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ജെ റീനയില്‍ നിന്ന് നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു പുരസ്‌കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാഹുല്‍, ഡോ.സുജയ തുടങ്ങിയവര്‍ പങ്കെടുത്തു.

ആശുപത്രിയുടെ ഗുണനിലവാരം, രോഗീസൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍ ചെക്ക്‌ലിസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയാണ് ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനങ്ങള്‍ നടത്തി ദേശീയതലപഠനത്തിനും യോഗങ്ങള്‍ക്കും ശേഷമാണ് ആശുപത്രിക്ക് ഈ അംഗീകാരം നല്‍കിയത്.

1980ല്‍ തലോരില്‍ ഒറ്റമുറി ഡിസ്പെന്‍സറി ആയാണ് ആശുപത്രിയുടെ തുടക്കം. 2006ല്‍ ചിറ്റിശ്ശേരി കുന്നിശ്ശേരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ല്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ 3 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നേഴ്‌സ്, എച്ച് ഐ, ജൂനിയര്‍ എച്ച് ഐ, ഗ്രേഡ് 2 സ്റ്റാഫുമുണ്ട്. ദിനംപ്രതി 100 രോഗികള്‍ ചികിത്സക്കായി എത്തുന്നു.

ഔട്ട് പേഷ്യന്റ് വിഭാഗം, ലാബ്, ഫാര്‍മസി, പൊതുജനാരോഗ്യം, സാന്ത്വന പരിചരണം, വയോജന ക്ലിനിക്, കൗമാര ക്ലിനിക്, സ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, പാലിയേറ്റിവ് കെയര്‍ യൂണിറ്റും ഇവിടെ സജ്ജമാണ്.നെന്മണിക്കര എഫ് എച്ച് സിക്ക് പുറമേ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും, ദേശമംഗലം, മുണ്ടൂര്‍, പുന്നയൂര്‍, വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും എന്‍ ക്യു എ എസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.