അറിവിന്റെ മധുരത്തിനൊപ്പം ആഹാരത്തിന്റെ രുചിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. കോഴഞ്ചേരി ഈസ്റ്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പഞ്ചായത്ത് നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന് പുറമേ രൂചിയേറും പ്രഭാതഭക്ഷണം വിളമ്പുന്നത്. പഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിനായി 2,85,000 രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി.
ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം വിദ്യാര്‍ഥികളുടെ പ്രാദേശിക സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തില്‍ പോഷക സമൃദ്ധവും ഗുണമേന്മയുളളതുമായ പ്രഭാത ഭക്ഷണം നല്‍കാം എന്നതാണ് സര്‍ക്കാര്‍ നയം. അഞ്ച് പ്രവര്‍ത്തി ദിവസങ്ങളിലായി രുചികരമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുക.  കുടുംബശ്രീ യൂണിറ്റാണ് കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നത്. പുട്ട്-കടല, ഇഡലി- സാമ്പാര്‍, അപ്പം- വെജിറ്റബിള്‍ കറി, ഉപ്പുമാവ്- പഴം, ദോശ- ചമ്മന്തി ഇവയൊക്കെയാണ് വിഭവങ്ങള്‍. സ്‌കൂളിന്റെയും രക്ഷകര്‍തൃസംഘടനയുടേയും പൂര്‍ണ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഓരോ ദിവസവും പിടിഎ പ്രതിനിധികള്‍ ഭക്ഷണം രുചിച്ചുനോക്കിയതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്കായി വിളമ്പുക.  ഭക്ഷണം തയാറാക്കുന്ന കുടുംബശ്രീയുടെ ഭക്ഷണശാല ആഴ്ചയിലൊരിക്കല്‍ പിടിഎ സന്ദര്‍ശിക്കും.പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്റ് എം.എസ് പ്രകാശ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെറി സാം മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ക്രിസ്റ്റഫര്‍ ദാസ്, പഞ്ചായത്തംഗങ്ങളായ സുനിതാ ഫിലിപ്പ്, മോളി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജി തമ്പി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്തമ്മ, ഹെഡ്മിസ്ട്രസ് രാജേശ്വരിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.