സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വിവിധ ആരോഗ്യപദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് വെള്ളിയാഴ്ച (2021 സെപ്തംബർ 17) രാവിലെ 10.30ന്‌ വിഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആവോലി, വാളകം, കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുക, രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒരുക്കിയ ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനം, ആലുവ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കുന്ന ലക്ഷ്യ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം എന്നിവയാണ്‌ ഉദ്ഘാടനം ചെയ്യുന്നത്.

കുടുംബാരോഗ്യകേന്ദ്രങ്ങൾ

പൊതുമേഖലാ ചികിത്സാ സംവിധാനങ്ങളെ രോഗീസൗഹൃദവും ജനസൗഹാർദ്ദവും ആക്കി ആധുനികവത്കരിക്കാനും ജനങ്ങളുടെ ചികിത്സാചെലവുകൾ കുറയ്ക്കാനുമുള്ള ലക്ഷ്യം മുൻനിർത്തിയുള്ള ആർദ്രം ദൗത്യത്തിന്റെ ഭാഗമായാണ്‌ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമാവുന്നതോടെ വിപുലമായ സൗകര്യങ്ങളും മികച്ച ചികിത്സാസംവിധാനങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാവും. രോഗീസൗഹൃദവും ജനസൗഹൃദവുമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം സ്വകാര്യതയുള്ള പരിശോധനാമുറികൾ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ഒരുക്കും. 15.5 ലക്ഷം രൂപ വീതം ചെലവഴിച്ചാണ്‌ ആവോലി, വാളകം ആശുപത്രികളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്. കുമാരപുരം ആശുപത്രിയിൽ 14 ലക്ഷവും ചെലവഴിച്ചു. ദേശീയ ആരോഗ്യദൗത്യം വഴിയാണ്‌ ഈ തുക അനുവദിച്ചത്.

ജില്ലയിൽ ഇതുവരെ 39 ആരോഗ്യകേന്ദ്രങ്ങളെയാണ്‌ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്. 3 ആരോഗ്യകേന്ദ്രങ്ങൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ 42 ആവും. ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനാണ്‌ തീരുമാനം. ബാക്കിയുള്ള ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിനുള്ള നിർമാണപ്രവൃത്തികൾ നടന്നുവരികയാണ്‌.

ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനം

രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഫാക്ട് സി എസ് ആർ ഫണ്ടിലൂടെ അനുവദിച്ച 19.5 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പ്ലാന്റിന്റെ ഉപകരണങ്ങൾ വാങ്ങിയത്. ഇവ സ്ഥാപിക്കുന്നതിനും പ്ലാന്റ് സജ്ജമാക്കുന്നതിനുമായി ദേശീയ ആരോഗ്യദൗത്യം 2 ലക്ഷം രൂപയും പാമ്പക്കുട ബ്ലോക്ക് പഞ്ചായത്ത് 1.25 ലക്ഷം രൂപയും അനുവദിച്ചു.

ലക്ഷ്യ (LaQshya)പ്രവൃത്തികൾ

ലക്ഷ്യ പദ്ധതി പ്രകാരം ആലുവ ജില്ലാ ആശുപത്രിയിലെ ലേബർ റൂമും പ്രസവ ഓപ്പറേഷൻ തീയേറ്ററും നവീകരിക്കുന്നതിനായി 197 ലക്ഷം രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കമിടുന്നു. പ്രസവസമയത്തും പ്രസവത്തിനു ശേഷവും സങ്കീർണതകൾ ഉണ്ടാകുന്നതിനാൽ സമയബന്ധിതമായി റഫറലുകൾ ഉറപ്പുവരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് മാതൃ-നവജാതശിശു മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ലക്ഷ്യ നടപ്പിലാക്കുന്നത്.