കണ്ണൂർ: തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണ് പുനര്‍ഗേഹമെന്നും മികച്ച പ്രതികരണമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച ഭവനങ്ങളുടെ ഗൃഹപ്രവേശനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2016- 2019 കാലയളവില്‍ മാത്രമായി തീരദേശ മേഖലയില്‍ 403 വീടുകള്‍ പൂര്‍ണ്ണമായും 564 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യമാണ് പുനര്‍ഗേഹം പദ്ധതി ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാരിന് പ്രേരണയായത്.

വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ 18685  കുടുംബങ്ങളാണ് അധിവസിക്കുന്നത് ഇതില്‍ 7216 പേര്‍ മാറിത്താമസിക്കാന്‍ സര്‍ക്കാരിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. 89.80 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

ഗുണഭോക്താകള്‍ക്ക് സ്വന്തം നിലയില്‍ ഭൂമി കണ്ടെത്താന്‍ കഴിയാത്ത പ്രദേശങ്ങളില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ ഭൂമി കണ്ടെത്തി കെട്ടിട സമുച്ചയം നിര്‍മ്മിക്കാനാണ് ആലോചന. ഭൂമി രജിസ്‌ട്രേഷനാവശ്യമായ തുക ഗുണഭോക്താവ് മുന്‍കൂറായി കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ താമസിക്കുന്ന പ്രദേശത്തോടുള്ള മത്സ്യത്തൊഴിലാളികളുടെ ആത്മബന്ധം സര്‍ക്കാര്‍ മനസിലാക്കുന്നു. എന്നാല്‍ നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും അവരെ ശാശ്വതമായി രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി തീരദേശങ്ങളില്‍ ഭൂമിയേറ്റെടുക്കല്‍, കുടിയൊഴിപ്പിക്കല്‍ എന്നിവ ഉണ്ടാകില്ല.

കടലാക്രമണം രൂക്ഷമായ പ്രദേശത്ത് ജൈവ കവചം നിര്‍മ്മിച്ച് അതിനെ ബഫര്‍ സോണായി നിലനിര്‍ത്തി തീര സംരക്ഷണം ഉറപ്പാക്കും. തീര സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒട്ടേറെ നടപടികള്‍ പുരോഗമിക്കുകയാണ്. തീരദേശ വാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം -മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തീരദേശത്തിന്റെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണ് പുനര്‍ഗേഹം. പ്രകൃതിദുരന്തങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും, കടല്‍ക്ഷോഭങ്ങളും അതിജീവിക്കുന്നതിന് തീരദേശത്തിനുള്ള സര്‍ക്കാരിന്റെ കരുതലാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് തീരദേശ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ വീട് നിര്‍മ്മിക്കുന്ന ബൃഹദ്പദ്ധതിയാണ് പുനര്‍ഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയുമുള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കല്‍.

പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് 50 മീറ്ററിനു പുറമേ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപയും ആ സ്ഥലത്ത് ഭവന നിര്‍മ്മാണം നടത്തുന്നതിനായി നാല് ലക്ഷം രൂപയും ചേര്‍ത്ത് ആകെ 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിനും ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ്, റസിഡന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിനും പദ്ധതിയിലൂടെ സാധിക്കും.

ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലാണ് പുനര്‍ഗേഹം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുള്ളത്.

കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കോര്‍പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ സി എച്ച് അസീമ, പി അഷ്‌റഫ്, കെ എം സാബിറ, എഡിഎം കെ കെ ദിവാകരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാടായി മത്സ്യഭവനില്‍ നടന്ന പരിപാടിയില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഴീക്കോട് കാപ്പിലെ പീടിക എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെ വി സുമേഷ് എം എല്‍ എ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ,അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍ വായ്പറമ്പ്,ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി രജിത തുടങ്ങിയവര്‍ പങ്കെടുത്തു

തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാ റാണി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ  സെയ്ത്തു തുടങ്ങിയവര്‍ പങ്കെടുത്തു.