മലപ്പുറം: മാനസിക നില തെറ്റി തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരുടെ അടിയന്തര പരിചരണവും പുനരധിവാസവും ലക്ഷ്യമിട്ട് പൊന്നാനി നഗരസഭയില്‍ അഭയ കേന്ദ്രം ആരംഭിക്കുന്നു. തമിഴ്‌നാട്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ദി ബാന്യന്‍ എന്ന സാമൂഹ്യ സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് എമജര്‍ജസി കെയര്‍ ആന്റ് റിക്കവറി സെന്റര്‍ ആരംഭിക്കുന്നത്.

പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ മനോരോഗ ചികിത്സാ കേന്ദ്രവും പുനരധിവാസ കേന്ദ്രവും ഏര്‍പ്പെടുത്തുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തില്‍ മനോരോഗ ചികിത്സയയില്‍ പരിശീലനം ലഭിച്ചവരും മനശാസ്ത്ര വിദഗ്ധരുമായ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും അടങ്ങുന്ന ടീമിന്റെ സേവനം ലഭ്യമായിരിക്കും.

മാനസിക രോഗം മൂലം തെരുവില്‍ കഴിയുന്നവരെ കണ്ടെത്തി ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും താമസവും ഉറപ്പാക്കലാണ് ആദ്യഘട്ടം. തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ളവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലങ്ങളില്‍ അയല്‍പക്ക സമിതികള്‍ രൂപീകരിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പൊന്നാനി ഈശ്വരമംഗലത്ത് നിര്‍മ്മിക്കുന്ന നിള അക്വാട്ടിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ധാരണപത്രം ഒപ്പുവെക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കുടിവെള്ള വിതരണം നിരന്തരമായി മുടങ്ങുന്നത് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ആബിദ, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, കെ.ഗിരീഷ് കുമാര്‍, അനുപമ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.