കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 483 കോളനികളില്‍ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാസാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് സമിതിയുടെതാണ് തീരുമാനം. കൂടാതെ നവചേതന പട്ടികജാതി സാക്ഷരതാ പദ്ധതിക്ക് പുല്‍പ്പള്ളി – രാജീവ് നഗര്‍, തൊണ്ടര്‍നാട് – ഇണ്ടേരിക്കുട്ട്, വൈത്തിരി – അംബേദ്ക്കര്‍ കോളനികളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പരിപാടിയായ ചങ്ങാതി പദ്ധതിക്ക് കണയാമ്പറ്റ ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുക്കാന്‍ യോഗ അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ, തുല്യതാ ക്ലാസുകള്‍ മോണിറ്ററിംഗ് നടത്താനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ എം.ഒ സജി, രത്‌നേശ്വരി, ഷാജി, കെ.എം സരസ്വതി, സി.പി സുധീഷ് എന്നിവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
