ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയില്‍ ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറികളിലെ രണ്ട് സാനിറ്ററി നാപ്കിന്‍ വൈന്‍ഡിങ് മെഷീനുകള്‍, രണ്ട് ഇന്‍സിനറേറ്ററുകള്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി.
ജില്ലാ പി.എസ്.സി ഓഫീസിന് പുതിയ കെട്ടിടം ലഭിച്ചതോടെയാണ് ഇവിടെ വനിതാ ശിശു വികസന ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സിവില്‍ സ്റ്റേഷനില്‍ സാനിറ്റര്‍ നാപ്കിന്‍ വൈന്‍ഡിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിച്ചത്. ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും നാപ്കിന്‍ വൈന്‍ഡിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുന്നുണ്ട്. ഇതിനായി രണ്ടര ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. 738 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ ഓഫീസ്. സ്ത്രീധന പീഡനം, സ്ത്രീകള്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ എന്നിവയ്ക്കുള്ള ഹിയറിങ് നടത്താനും കൗണ്‍സിലിംഗ് നടത്താനുള്ള സൗകര്യമുണ്ടെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.മീര പറഞ്ഞു. ഇതോടൊപ്പം മഹിളാ ശക്തികേന്ദ്ര ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.