ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 10,000 വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതലത്തില്‍ നിര്‍വ്വഹിച്ചതോടെ ജില്ലയില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 594 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ലൈഫിന്റെ വിവിധ ഘട്ടങ്ങളിലായി 424 വീടുകളുടെയും പിഎംഎവൈ അര്‍ബന്‍ വിഭാഗത്തില്‍ 170 വീടുകളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗുണഭോക്താക്കളുടെ വീടുകളില്‍ പാലുകാച്ചല്‍ ചടങ്ങുകളും താക്കോല്‍ കൈമാറ്റ ചടങ്ങുകളും നടന്നു.

പിഎംഎവൈയു കോഴിക്കോട് നഗരസഭയില്‍ പൂര്‍ത്തീകരിച്ച 170 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടി നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്നു. ചടങ്ങില്‍ ഡെപ്യുട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മേയര്‍ ഡോ.ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു.
നഗരസഭാതലത്തില്‍ 8ഡിപിആര്‍ കളിലായി 3,189 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 3,037 ഗുണഭോക്താക്കള്‍ നഗര സഭയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ 96 കോടി രൂപ ഭവന നിര്‍മ്മാണത്തിനായി ചെലവഴിച്ചു. ഇതില്‍ 1,529 എണ്ണത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 2,749 ഗുണഭോക്താക്കള്‍ രണ്ടാം ഗഡുവും 2,244 ഗുണഭോക്താക്കള്‍ മൂന്നാം ഗഡുവും കൈപ്പറ്റിയവരാണ്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ദിവാകരന്‍, പ്രോജക്ട് ഓഫീസര്‍ ടി.കെ.പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ് പദ്ധതിയ്ക്ക് കീഴില്‍ പൂര്‍ത്തീകരിച്ച ഗോവിന്ദപുരം 28-ാം വാര്‍ഡിലെ ഗുണഭോക്താവായ ദിവ്യശ്രീയുടെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങും നടന്നു.

ജില്ലയില്‍ 6641 ഗുണഭോക്താക്കളെ കണ്ടെത്തുകയും ലൈഫ്മിഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒന്നാംഘട്ടത്തില്‍ 6,484 ഭവനങ്ങളാണ് പൂര്‍ത്തീകരിച്ചത്. 6,484 ഭവനങ്ങളുടെ പൂര്‍ത്തീകരണം നിര്‍മ്മാണഘട്ടത്തിലാണ്.
ലൈഫ് രണ്ടാം ഘട്ടത്തില്‍ 5,225 ഗുണഭോക്താക്കള്‍ എഗ്രിമെന്റിലേര്‍പ്പെടുകയും ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ 4,918 പേരുമാണ്. 307 ഗുണഭോക്താ
ക്കളുടെ ഭവനനിര്‍മ്മാണം പുരോഗതിയിലുമാണ്. ലൈഫ് മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളില്‍ പിന്നീട് ഭൂമി വാങ്ങിയവരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി ഭൂമി ആര്‍ജ്ജിച്ചവരുമുണ്ട്. ഇത്തരത്തിലുള്ള 585 ഗുണഭോക്താക്കളില്‍ 429 പേര്‍ കരാറിലേര്‍പ്പെടുകയും 122 ഗുണഭോക്താക്കളുടെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

ലൈഫ് അഡീഷനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹതയുള്ള എസ് സി,എസ് ടി, ഫിഷറീസ്, പൊതു വിഭാഗങ്ങളിലെ 4,003 ഭവനരഹിത ഗുണഭോക്താക്കളില്‍ 1,425 ഗുണഭോക്താക്കള്‍ കരാറിലേര്‍പ്പെടുകയും 203 ഗുണഭോക്താക്കളുടെ ഭവ നനിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരഹിത ഭവനരഹിതരില്‍ ഉള്‍പ്പെട്ട 1,924 ഗുണഭോക്താക്കളാണ് ഉള്ളത്. പി എം എ വൈ ( ജി) വിഭാഗത്തിലെ 1,785 അര്‍ഹരായ ഗുണഭോക്താക്കളില്‍ 1,230 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.