ബാലുശ്ശേരി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും പറമ്പിന്‍ മുകളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മികവുറ്റ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പില്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2023 ല്‍ സംസ്ഥാനത്ത് കാരവന്‍ ടൂറിസം ആരംഭിക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ഇത് ഏറെ അനുകൂലമാണ്. വിവിധ ഗ്രാമങ്ങളില്‍ കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കും. 50 സെന്റ് സ്ഥലം ഉണ്ടെങ്കില്‍ മൂന്ന് കാരവന്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. മൂന്ന് മാസത്തിനിടെ 33000 കിലോമീറ്റര്‍ റോഡില്‍ 27000 കിലോമീറ്റര്‍ ഡിജിറ്റലൈസേഷന്‍ ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന റവന്യു വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ ഡിസംബറോടെ തീര്‍പ്പാക്കാനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 22 മുതല്‍ 10 ദിവസം സെക്രട്ടറിയേറ്റിനകത്ത് ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് ആരംഭിക്കും. ആദ്യ 15 ദിവസത്തിനുള്ളില്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് നടത്തും. ഒക്ടോബര്‍ 15 നും 30 നും അകം എല്ലാ കലക്ട്രേറ്റിലും നവംബറില്‍ 78 താലൂക്കുകളിലും ഡിസംബറില്‍ 1666 വില്ലേജുകളിലും ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളെ ഏല്‍പ്പിച്ച 179 പദ്ധതികള്‍ക്ക് 100 ദിവസം കൊണ്ട് നടപ്പാക്കാനും തുടക്കം കുറിക്കാനും സാധിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

പറമ്പിന്‍ മുകളില്‍ നടന്ന ചടങ്ങില്‍ കെ.എം സച്ചിന്‍ദേവ് എം.എല്‍.എ സ്വാഗത പ്രസംഗം നടത്തി. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, ജില്ലാപഞ്ചായത്ത് അംഗം പി.പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി സബിത, പഞ്ചായത്ത് അംഗം ഇന്ദിര കെ.എം, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. സിന്ധു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.