കൊച്ചി: ഉദയംപേരൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയ തിരുവാതിര ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജൈവ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഉദയംപേരൂരില്‍ ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേനീച്ച വളര്‍ത്തല്‍, പുഷ്പകൃഷി, കുറ്റി കുരുമുളക് എന്നിവ പഞ്ചായത്തിന്റെ സഹായത്തോടെ വ്യാപകമാക്കും. സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഉത്പാദനം സാധ്യമാക്കാന്‍ സസ്യ ഇക്കോ ഷോപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   കൃഷിഭവന്‍ തയ്യാറാക്കിയ 2000 പച്ചക്കറി തൈകള്‍ക്ക് പുറമേ വിവിധ തരം കിഴങ്ങ് വര്‍ഗ്ഗ തൈകള്‍, അത്യുല്‍പാദന ശേഷിയുള്ള വാഴ കന്നുകള്‍, ജൈവ വളം, വ്യത്യസ്ത കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും ചന്തയില്‍ നടന്നു. പാരമ്പര്യ കര്‍ഷകര്‍ക്കൊപ്പം, കര്‍ഷക ഗ്രൂപ്പുകളും, വിവിധ സ്വയം സഹായ സംഘങ്ങളും ചന്തയില്‍ സജീവ പങ്കാളികളായി.
  മുളന്തുരുത്തി ബ്ലോക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ ജൈവ ഉല്‍പാദന സംഘത്തിന്റെ വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. ആത്മയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായ വ്യത്യസ്ത ധാന്യ പൊടികളും വിവിധ തരം പലഹാരങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. പഴം, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ന്ന പുട്ട് പൊടികളും, കടച്ചക്ക, തക്കാളി എന്നിവ ഉപയോഗിച്ചുള്ള ഹല്‍വകള്‍ക്കും വിപണിയെ ആകര്‍ഷിക്കാനായി. എല്ലാ ബുധനാഴ്ചയും ഇവരുടെ വിപണന കേന്ദ്രം ഉദയംപേരൂര്‍ കണ്ടനാട് കവലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
     പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയകുമാര്‍ ഇ.എസ്, കൃഷി ഓഫീസര്‍ സുനില്‍ കുമാര്‍, പഞ്ചായത്തംഗങ്ങള്‍,  കര്‍ഷക പ്രതിനിധികള്‍, കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഉദയംപേരൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരുക്കിയ തിരുവാതിര ഞാറ്റുവേല ചന്ത ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.