കാസർഗോഡ്: മലയോര ഹൈവേയിലെ കോളിച്ചാൽ-ചെറുപുഴ റീച്ചിലെ റോഡ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. മലയോര ഹൈവേയിൽ മൂന്ന് കിലോമീറ്ററോളം വനഭൂമി വരുന്നതിനാൽ വനം വകുപ്പ് അധികൃതരുടെ അനുമതി ലഭ്യമാക്കാൻ വൈകിയതാണ് നിർമ്മാണം പൂർത്തിയാകാൻ തടസ്സമായിരുന്നത്. എം രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വനംവകുപ്പ് അധികൃതർ നൽകിയ ലിസ്റ്റ് പ്രകാരം മുറിക്കുന്ന മരങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യമായ തുക വർധിപ്പിച്ചു നൽകാൻ കിഫ്ബി ഉത്തരവായി.

നിലവിലുള്ള 82 കോടി എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ ഏഴ് കോടി രൂപ കൂടി വർധിപ്പിച്ച് 89 കോടി രൂപയ്ക്കുള്ള അനുമതിയാണ് ഇപ്പോൾ നൽകിയത്. മറ്റു തടസ്സങ്ങളൊന്നുമില്ലാത്തിനാൽ മലയോര ഹൈവേയുടെ കോളിച്ചാൽ-ചെറുപുഴ റീജിയനിൽ അവശേഷിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് എംഎൽഎ അറിയിച്ചു
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ 32 കിലോമീറ്റർ വരുന്ന ഭാഗത്തെ പ്രധാന പ്രവൃത്തികൾ ടെൻഡറിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്.