ആറ് മൈക്രോ കണ്ടെയ്മെന്റ് സോണുകൾ

കാസർഗോഡ്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇൻഫെക്ഷൻ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആർ) 10ന് മുകളിലുള്ള നാല് ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാക്കി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആറ് (ഡബ്ല്യുഐപിആർ 40), ഏഴ് (15.56), 15 (11.25) വാർഡുകളും വെസ്റ്റ് എളേരിയിലെ 11ാം വാർഡും (11.25) സെപ്റ്റംബർ 27 വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. നഗരസഭകളിൽ ഡബ്ല്യുഐപിആർ പത്തിന് മുകളിലില്ല.
സെപ്റ്റംബർ 13 ആറ് മുതൽ 19 വരെയുള്ള കണക്കാണ് പരിഗണിച്ചത്.

അഞ്ചിലധികം ആക്ടീവ് കേസുകൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച ആറ് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് സോണുകളാക്കി.
മൈക്രോ കണ്ടെയ്മെന്റ് സോണുകൾ: കള്ളാർ: വാർഡ് എട്ട്, ഒക്ലാവ് ട്രൈബൽ കോളനി, മധൂർ: വാർഡ് എട്ട്, ഉദയഗിരി, നീലേശ്വരം നഗരസഭ: വാർഡ് അഞ്ച്, ആലിങ്കീൽ, പടന്ന: വാർഡ് എട്ട്, തടിയൻ കൊവ്വൽ, പുല്ലൂർ-പെരിയ: വാർഡ് നാല്, അള്ളരണ്ട, എട്ട്, മീങ്ങോത്ത്

നിയന്ത്രണങ്ങൾ: കൺടെയിൻമെന്റ്/മൈക്രോകൺടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ-ജനസേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം.

ബാങ്കുകൾക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്.
കൺടെയിൻമെന്റ്/മൈക്രോ കൺടെയിൻമെന്റ്സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിത മാർഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ കൺടെയിൻമെന്റ്/മൈക്രോ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നടത്താവുന്നതാണ്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിർദേശങ്ങൾക്കനുസൃതമായി ക്ലാസുകൾ ആരംഭിക്കാവുന്നതാണ്. കോളേജുകളിൽ ഹാജരാകുന്ന അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും കുറഞ്ഞത് രണ്ടാഴ്ച മുമ്പ് ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചവരോ അല്ലെങ്കിൽ കുറഞ്ഞത് ഒരുമാസം മുമ്പ ്കോവിഡ് ബാധിച്ച് രോഗം ഭേദമായവരോ ആണെന്ന് കോളേജ് അധികൃതർ കർശനമായി ഉറപ്പുവരുത്തേണ്ടതാണ്.