അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൗമാര പ്രായകാര്‍ക്കായി വയലൂര്‍ ഊരില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ മാനസിക സംഘര്‍ഷം, കുട്ടികളിലെ ആത്മഹത്യ പ്രവണത ഒഴിവാക്കല്‍, ആര്‍ത്തവ ശുചിത്വം, ലഹരി വസ്തുക്കളുടെ (വെറ്റില മുറുക്ക്) ഉപയോഗം കുറയ്ക്കുക, ന്യൂട്രിഷണല്‍ അനീമിയ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചത്.

വാര്‍ഡ് അംഗം രുഗ്മണി ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ മറ്റ് ആദിവാസി ഊരുകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സില്‍ കൗണ്‍സിലര്‍ പ്രീജ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി, ആശ വര്‍ക്കര്‍ ലക്ഷ്മി, രങ്കമ്മ, ട്രൈബല്‍ പ്രോമോട്ടര്‍ രംഗസ്വാമി, ക്രിസ്റ്റി, ശോഭ പങ്കെടുത്തു.