കാസർഗോഡ്: അമൃതം ന്യൂട്രി മിക്സ് ഗുണനിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 13 ന്യൂട്രിമിക്സ് യൂണിറ്റ് പ്രതിനിധികളുടേയും ജില്ലയിലെ മുഴവന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടേയും യോഗം ചേര്‍ന്നു. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന സമീകൃത പോഷക ആഹാരമായ ന്യൂട്രി മിക്സിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ ക്ലാസെടുത്തു.
കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷനായി. നിര്‍മ്മാണ സമയത്ത് യൂണിറ്റുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ ഹേമാംബിക വിവരിച്ചു. ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മീഞ്ച പഞ്ചായത്ത് സൂപ്പര്‍വൈസര്‍ ആശയ്ക്ക് ടി.ടി. സുരേന്ദ്രന്‍ ഉപഹാരം നല്‍കി. അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കൃപ്ന തുടങ്ങിയവര്‍ സംസാരിച്ചു.