തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലും മാലി ദ്വീപ് പ്രദേശത്തും 27, 28 തീയതികളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

*ജില്ലയില്‍ 27, 28 തിയതികളില്‍ യെല്ലോ അലെര്‍ട്ട്*

ജില്ലയില്‍ 27, 28 തിയതികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യത. കൂടാതെ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി ഈ ദിനങ്ങളില്‍ ജില്ലയില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

*ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു*

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിയാർജ്‌ജിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ന്യുനമര്‍ദ്ദ സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 25 മുതൽ 28 വരെ മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും മധ്യ- തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.