കാര്‍ഷിക മേഖലയെ ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയില്‍ പുതിയ ഗവേഷണങ്ങളുണ്ടാകണം. അതിന്റെ ഫലം മണ്ണില്‍ പ്രതിഫലിക്കണം. കാര്‍ഷികമേഖലയുടെ വികസനത്തിന് ശാസ്ത്രലോകം അനിവാര്യമാണെന്നും കേരള കാര്‍ഷിക സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിമന്ത്രി പറഞ്ഞു.
കഴിഞ്ഞ അമ്പത് വര്‍ഷത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഒരുപാട് മുന്നേറ്റം നടത്തി. അതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ആദരപൂര്‍വം സ്മരിക്കുന്നു. കേരളത്തിലെ ഓരോകര്‍ഷകനും കാര്‍ഷിക സര്‍വകലാശാല ഒരു ബലമായി നില്‍ക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിക്കാരന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയണം. കൃഷികൊണ്ട് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയണം. ഇതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ കൂട്ടായശ്രമം വേണമെന്നും കൃഷിമന്ത്രി പറഞ്ഞു. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല സി അച്യുതമേനോന്‍ ബ്ലോക്ക് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനായി. ഒരു ജില്ല ഒരു ഉല്‍പന്നം – പഠന റിപ്പോര്‍ട്ട്, കേരളത്തിലെ സസ്യ ജനിതക സംരക്ഷകര്‍, അഞ്ച് ദശാബ്ദ കാലത്തെ ഗവേഷണ സംഭാവനകള്‍, തോട്ട സുഗന്ധ വിള വകുപ്പിന്റെ അമ്പത് വര്‍ഷത്തെ ഗവേഷണ സമാഹാരം, സംയോജിത കൃഷിയെക്കുറിച്ചുള്ള മാന്വല്‍, ചെറുധാന്യങ്ങള്‍ – കൃഷിയും മൂല്യ വര്‍ധനവും എന്നീ പുസ്തകങ്ങളും മന്ത്രിമാര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വാക്സിന്‍ ചാലഞ്ചിലേക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല കുടുംബത്തിന്റെ സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറി.

ഇതോടൊപ്പം ഐ.സി.എ.ആറിന്റെ ധനസഹായത്തോടെ പൂര്‍ത്തിയാക്കിയ വെളളാനിക്കര മെയിന്‍ ക്യാമ്പസിലുളള ഫാക്കല്‍റ്റി ഗസ്റ്റ് ഹൗസിന്റെ രണ്ട്, മൂന്ന് നിലകളുടെ ഉദ്ഘാടനം, മൈക്രോ റൈസോം സാങ്കേതിക വിദ്യ – ഇഞ്ചി നടീല്‍ വസ്തുക്കളുടെ വിതരണം, വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി പ്രദര്‍ശനത്തോട്ടം ഉദ്ഘാടനം, വാഴയിലെ മാക്രോപ്രൊപ്പഗേഷന്‍ ഉല്‍പാദന യൂണിറ്റുകൾ,സംരംഭകത്വ വികസന കേന്ദ്രം, പഠന ഗവേഷണത്തിനായി ഇലക്ട്രോണിക്‌സ് വര്‍ക് സ്പേസ് അക്കൗണ്ടുകള്‍ എന്നിവയുടെ ഉദ്ഘാടനം, മലയാളത്തിലുള്ള കാര്‍ഷിക സര്‍വ്വകലാശാല വെബ്‌സൈറ്റ് പ്രകാശനം എന്നിവയും കൃഷിമന്ത്രി നിര്‍വഹിച്ചു.കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രമുഖ കര്‍ഷക സ്വപ്ന സിബി കല്ലിങ്കല്‍ മഹനീയ സാന്നിധ്യമായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് ഷിനോജ്, സോഫി സോജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ എ സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.