ആലപ്പുഴ: ആലപ്പുഴ- മധുര റോഡില്‍ കൈചൂണ്ടി ജംഗ്ഷന്‍ മുതല്‍ മുഹമ്മ വരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മിച്ച ഭാഗത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ജില്ലകളില്‍ രൂപീകരിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റികള്‍(ഡി.ഐ.സി.സി) പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണത്തില്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്‍റെ പല പ്രധാന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമാകുന്നത് പൊതുമരാമത്ത് വകപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല. ഇത്തരം തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതി ഓരോ മാസവും യോഗം ചേര്‍ന്ന് അതത് ഘട്ടങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരായി ചുമതലയേറ്റിട്ടുണ്ട്. ഡി.ഐ.സി.സി എല്ലാ മാസവും കളക്ടറുടെ അധ്യക്ഷതയില്‍ ചേരുകയും അതത് ഘട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിച്ചു മുന്നോട്ടു പോകാനാണ് ശ്രമിച്ചുവരുന്നതെന്നും പിഡബ്ല്യുഡി ഫോര്‍ യു ആപ്ലിക്കേഷന് സ്വീകാര്യത നേടാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

10.6 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍റ് ബി.സി നിലവാരത്തില്‍ 10 കോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്.

ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ഓമനക്കുട്ടന്‍, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോളമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.