കാസർഗോഡ്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തെക്കന്‍ മേഖലയില്‍ മാടക്കാല്‍ -തൃക്കരിപ്പൂര്‍ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച യാത്രാബോട്ട് ‘ ഗ്രാന്മ’ ഗോവയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ജില്ലയിലെത്തും. 10 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്‌ബോഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളതും സ്റ്റിയറിംഗ് നിയന്ത്രണ സംവിധാനവുമുള്ളതാണ് ബോട്ട്.

ഗോവയില്‍ നിന്നും ട്രയിലറില്‍ റോഡ് മാര്‍ഗ്ഗമാണ് ബോട്ട് കൊണ്ട് വരുന്നത്. ബോട്ട് മാടക്കാലില്‍ എത്തിച്ചശേഷം മാരിടൈം ബോഡിന്റെ ചീഫ് സര്‍വ്വേയര്‍, പോര്‍ട്ട് ഓഫീസര്‍, പോര്‍ട്ട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രയല്‍റണ്‍നടത്തി ഫിറ്റ്‌നസ് ഉറപ്പുവരുത്തിയതിന് ശേഷം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് കൈമാറുമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യാത്രാബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. എം.എല്‍.എ.ഫണ്ട് വിനിയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് പുറത്തായതിനാല്‍ സര്‍ക്കാറിന്റെ പ്രത്യേകാനുമതിയോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്.

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്

മാടക്കാല്‍ തൂക്ക്പാലം തകര്‍ന്ന് യാത്രസൗകര്യം പ്രതിസന്ധിയിലായ പ്രദേശത്ത് പഞ്ചായത്ത് നടത്തികൊണ്ടിരുന്ന കടവ് വിവിധ കാരണങ്ങളാല്‍ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പരിഹാരം കാണാന്‍ എം.രാജഗോപാലന്‍ എം.എല്‍.എയുടെയും അന്നത്തെ ജില്ലാകളക്ടര്‍ കെ. ജീവന്‍ബാബുവിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളും ഉള്‍പ്പെടെ 2018 ജൂലൈ ഏഴിനായിരുന്നു വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഒരു പ്രത്യേക യോഗം ചേര്‍ന്നത്.

യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനായി കേരള ഇന്‍ലാന്റ് വെസ്സല്‍ റൂള്‍സ് മാനദണ്ഡ പ്രകാരം ഉള്ള ഒരു ഫൈബര്‍ യാത്രാബോട്ട് വാങ്ങുന്നതിന് 10 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.

ജില്ലാഭരണകൂടം ബോട്ട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് (Steel Industries Limited Kerala) നെ സമീപിച്ചു. എന്നാല്‍ സില്‍ക്കിന്റെ കൈവശമുള്ള ബോട്ടിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എട്ട് ലിറ്റര്‍ ഡീസല്‍ ആവശ്യമാണെന്നത് അറിയിച്ചതിനെ തുടര്‍ന്ന് ഇത് പഞ്ചായത്തിനും നാട്ടുകാര്‍ക്കും സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കുമെന്ന തിരിച്ചറിവില്‍ ജില്ലാ ഭരണകൂടം കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്‌ടെക്‌നോളജി – നേവല്‍ ആര്‍ക്കിടെക്റ്റ് ഡോക്ടര്‍ സി.ബി. സുധീറിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം അസിസ്റ്റന്റ് പ്രൊഫസര്‍ ഗൗതമിന്റെ നേതൃത്വത്തില്‍ കടവ് സന്ദര്‍ശിക്കുകയും കടവിലെ പ്രത്യേകതയും പ്രാദേശിക ആവശ്യവും മനസ്സിലാക്കി ബോട്ടിന്റെ ഡിസൈനും ഡിപിആറും തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കി.

ഈ ഡി.പി.ആര്‍ അനുസരിച്ചുള്ള ബോട്ട് നിര്‍മ്മിക്കുന്നതിന് 15.5 ലക്ഷം രൂപ ആവശ്യമുള്ളതിനാല്‍ പത്ത് ലക്ഷത്തിനു പകരം 15.5 ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിക്കണമെന്ന് നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും ഇന്‍ലാന്റ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി ഭരണാനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ക്ക് ഈ പ്രവര്‍ത്തി നടപ്പിലാക്കാനുള്ള സാങ്കേതികപരിജ്ഞാനം ഇല്ല എന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് ഈ പ്രവൃത്തി തുറമുഖ വകുപ്പിനെ ഏല്‍പ്പിക്കുകയും ടെണ്ടര്‍ നടപടികള്‍ നടത്തുകയും ഗോവ ആസ്ഥാനമായിട്ടുള്ള വിജയ് മറൈന്‍ ഷിപ്പിയാഡ് എന്ന കമ്പനി ഈ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയുമായിരുന്നു.