കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ സമഗ്ര കോവിഡ് സര്‍വേ നടത്താന്‍ പഞ്ചായത്ത്തല യോഗത്തില്‍ തീരുമാനമായി.
ഒക്ടോബര്‍ ഒന്നിന് ആശാവര്‍ക്കര്‍മാരുടെയും കുടുംബശ്രീ അംഗങ്ങളുടേയും നേതൃത്വത്തില്‍ വാര്‍ഡ്തല സര്‍വെ തുടങ്ങും. വീടുകളിലെത്തി വാക്സിന്‍ എടുത്തവരുടെയും കോവിഡ് ബാധിതരായവരുടെയും വിവരങ്ങളെല്ലാം രേഖപ്പെടുത്തും. അന്യസംസ്ഥാനത്ത് ഉള്ളവരുടെയും വിദേശത്തുള്ളവരുടെയും വിവരങ്ങളും ശേഖരിക്കും. ഒരാഴ്ചയ്ക്കകം സര്‍വെ പൂര്‍ത്തീകരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
മേലില ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വാക്സിനേഷനിലേക്ക്. ഒന്നാം ഡോസ് വാക്സിനേഷനും പാലിയേറ്റീവ് വിഭാഗത്തില്‍പ്പെട്ടവരുടെ വാക്സിനേഷനും 100 ശതമാനം പൂര്‍ത്തിയായി.
വില്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലെത്തിയാണ് ഈ വിഭാഗക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയത്. രണ്ടാം ഡോസ് വാക്സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായി. കോവിഡ് പോസിറ്റീവായി കഴിയുന്നവരും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും മാത്രമാണ് ഇനി വാക്സിന്‍ സ്വീകരിക്കാന്‍ ഉള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. താര പറഞ്ഞു.
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ സി.എച്ച്.സി, ഏറം സബ് സെന്റര്‍, അഗസ്ത്യക്കോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേന കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിനാണ് നല്‍കിയത്. പാലിയേറ്റീവ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കി വരുന്നു. 80 ശതമാനത്തോളം ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് എസ്.ബൈജു പറഞ്ഞു. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്. എല്‍.ടി.സിയില്‍ 35 രോഗികള്‍ ചികിത്സയിലുണ്ട്.