എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി പൊലീസിന്റെ ഭാഗമായി
മലപ്പുറം: ലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പുറത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ചു. കാലാനുസൃതമായ രീതിയില്‍ പൊലീസ് സേനയെ ആധുനികവത്ക്കരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാധാനപരവും മതനിരപേക്ഷവുമായ നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പൊലീസിന് വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ആധുനിക സേനയായി കേരള പൊലീസിനെ മാറ്റും. ഇതിനായി പരിശീലന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിരവധി പേരാണ് ഇപ്പോള്‍ സേനയുടെ ഭാഗമാകുന്നത്. വിവിധ മേഖലകളിലുള്ള സേനാംഗങ്ങളുടെ നൈപുണ്യം സര്‍ക്കാറിന്റേയും പൊലീസിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് പരിശീലന സമയത്തു തന്നെ പുതിയ സേനാംഗങ്ങള്‍ക്ക് പൊതുസമൂഹവുമായി അടുത്ത് ഇടപഴകി ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനായി. ഇതില്‍ നിന്നുള്ള അനുഭവം ഉള്‍ക്കൊണ്ട് കര്‍മ്മമണ്ഡലത്തില്‍ ജനകീയ സേവകരാകാന്‍ കഴിയണം. മുഴുവന്‍ സേനാംഗങ്ങളും പൊതുജന സേവകരാണെന്ന ധാരണയോടെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയന്‍) കെ. പത്മകുമാര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ട്രൈനിങ് ആന്‍ഡ് ഡയറക്ടര്‍) പി. വിജയന്‍, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയന്‍) പി. പ്രകാശ് എന്നിവര്‍ ഓണ്‍ലൈനായും എം.എസ്.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എം.എസ്.പി കമാന്‍ഡന്റും ജില്ലാ പൊലീസ് മേധാവിയുമായ എസ്. സുജിത്ത് ദാസും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ദേശീയപതാകയെ സാക്ഷിനിര്‍ത്തി പുതിയ സേനാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. എം.എസ്.പി. ഡെപ്യൂട്ടി കമാന്‍ഡന്റ് എ. സക്കീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
14 പ്ലാറ്റൂണുകളായാണ് 447 സേനാംഗങ്ങള്‍ പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നത്. കണ്ണൂര്‍ ഇരിട്ടി ബ്ലാത്തൂര്‍ സ്വദേശി കെ. അജിന്‍ പരേഡ് നയിച്ചു. തിരൂരങ്ങാടി സ്വദേശി എം. ബിബിന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. പരിശീലന ഘട്ടത്തില്‍ ഓള്‍ റൗണ്ടറായും ഔട്ട്ഡോര്‍ പരിശീലനത്തില്‍ മികച്ച സേനാംഗമായും തെരഞ്ഞെടുത്ത കണ്ണൂര്‍ ഇരിട്ടി ബ്ലാത്തൂര്‍ സ്വദേശി കെ. അജിന്‍, ഇന്‍ഡോര്‍ വിഭാഗത്തില്‍ മികവു പുലര്‍ത്തിയ കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി നിധിന്‍ മോഹന്‍, മികച്ച ഷൂട്ടറായി തെരഞ്ഞെടുത്ത തിരുവനന്തപുരം വെള്ളറട സ്വദേശി എം.എല്‍. അഭിലാഷ് എന്നിവര്‍ക്ക് എം.എസ്.പി. കമാന്‍ഡന്റും ജില്ലാ പൊലീസ് മേധാവിയുമായ എസ്. സുജിത്ത് ദാസ് പുരസ്‌ക്കാരങ്ങള്‍ നല്‍കി.
കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ദേശീയഗാനാലാപനത്തോടെ പരേഡ് വിടവാങ്ങി. ബിരുദാനന്തര ബിരുദധാരികളും ബിരുധാരികളും എഞ്ചിനീയറിംഗ്, എം.ബി.എ യോഗ്യതയുള്ളവരുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് എം.എസ്.പിയില്‍ നിന്ന് കേരളാ പൊലീസിന്റെ ഭാഗമായത്. പതിവ് പരിശീലനത്തിന് പുറമെ അത്യാഹിതങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ആരോഗ്യ സേവനം, പൗരാവകാശങ്ങള്‍ സംരക്ഷിച്ചുള്ള നിയമപാലനം, ക്രമസമാധാന പാലനം തുടങ്ങി വിവിധ മേഖലകളിലായി ഒന്‍പത് മാസങ്ങളിലായിട്ടായിരുന്നു പരിശീലനം.
സേനാംഗങ്ങളുടെ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെയുള്ളവര്‍ ഇത്തവണ പരേഡ് കാണാന്‍ എത്തിയില്ല. ആരോഗ്യ ജാഗ്രത മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും എം.എസ്.പിയുടെ ഫേസ്ബുക്ക് പേജിലും പരേഡിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.