പാലക്കാട്: ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന സൂക്ഷ്മ സംരംഭങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം.
പരമാവധി മൂലധനം ആകർഷിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ നൽകുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത് .സംരംഭങ്ങളുമായി ബന്ധപ്പെട്ട ഭൂമി സ്വതന്ത്രമായി ക്രയ വിക്രയം നടത്തുന്നതിനായി ലാൻഡ് അലോട്ട്മെന്റ് നയം രൂപീകരിക്കാനും സർക്കാർ നടപടി എടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വ്യവസായ വളർച്ചയ്ക്ക് പാലക്കാട് അനുകൂല സാഹചര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസ്സിനസ്സ് റാങ്കിങ് പ്രകാരം രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ജില്ലാ തലത്തിൽ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായി സ്റ്റാറ്റ്യൂട്ടറി ഗ്രിവൻസ് മെക്കാനിസവും പ്രത്യേക പരിശോധനകൾ നടത്തുന്നതിനായി സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷൻ സിസ്റ്റവും ഏർപ്പെടുത്തും.
വ്യവസായ സംരംഭങ്ങളുടെ അനുമതി മുതലുള്ള നടപടികളും പരിശോധന സംഘത്തിലെ അംഗങ്ങളെയടക്കം തിരഞ്ഞെടുക്കുന്നതും സോഫ്റ്റ്‌വെയർ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കു മുതൽ നടപടിക്രമങ്ങൾ ഏത് സമയത്തും പരിശോധിക്കാൻ കഴിയുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും പോരായ്മകളും ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.
അഞ്ചു കോടി വരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങളെ സംബന്ധിച്ച പരാതികൾ ജില്ലാതലത്തിൽ തീർപ്പാക്കാം. ജില്ലാ കലക്ടർ അധ്യക്ഷനായുള്ള സമിതിയാണ് ഇത്തരം പരാതികളിൽ തീർപ്പു കൽപ്പിക്കുന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനാണ് ജില്ലയുടെ ചുമതലയെന്നും മന്ത്രി അറിയിച്ചു. അഞ്ചു കോടിയിലധികം മുതൽ മുടക്കുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന തലത്തിലാണ് തീർപ്പാക്കുന്നത്.
സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തിൽ ടെക്നോളജിക്കൽ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താലൂക്ക്തലം മുതലുള്ള ഉദ്യോഗസ്ഥർക്കും വ്യവസായ സംരംഭകർക്കും പരിശീലനം നൽകും. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോറിന് പരിശീലന പരിപാടിയുടെ സംസ്ഥാനതല ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാതലത്തിൽ ലഭിക്കുന്ന പരാതികൾക്ക് അഞ്ചു ദിവസത്തിനകം അതത് ഉദ്യോഗസ്ഥരോട് ജില്ലാതല സമിതി റിപ്പോർട്ട്‌ ആവശ്യപ്പെടേണ്ടതും ഏഴു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതുമാണ്. 30 ദിവസത്തിനിടയിൽ പരിഹാരം തീർപ്പാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ സംസ്ഥാനതല സമിതിയിലേക്ക് നൽകും. ഉദ്യോഗസ്ഥ തലത്തിലുണ്ടാവുന്ന വീഴ്ചകൾക്ക് ഉദ്യോഗസ്ഥർ പിഴയൊടുക്കേണ്ടി വരുമെന്നും വകുപ്പുതല നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി ചൂണ്ടികാട്ടി.
കേരളത്തിലെ വ്യവസായ സംരംഭക മേഖലയിൽ 100 ശതമാനം വർധനവാണ് അഞ്ചു വർഷ കാലയളവിൽ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച വ്യവസായ സംരംഭകർക്കുള്ള പുരസ്കാര വിതരണവും വിവിധപദ്ധതികൾ പ്രകാരമുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ. പി. എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി എം.ഡി. രാജമാണിക്യം, ജില്ലാ കലക്ടർ മൃൺമയി ജോഷി കിൻഫ്ര എം.ഡി സന്തോഷ് കോശി, എന്നിവർ പങ്കെടുത്തു.