കാട്ടുമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പറക്കോട് ബ്ലോക്കിലെ കലഞ്ഞൂര്‍ പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടി വന്നപ്പോഴാണ് പരിഹാരമാര്‍ഗമെന്ന നിലയില്‍ കൃഷിയിടങ്ങള്‍ക്ക് ചുറ്റും മെറ്റല്‍ ഷീറ്റ് ഉപയോഗിച്ച് വേലി നിര്‍മ്മിക്കാന്‍ തീരുമാനമായത്. മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്ക് പ്ലാനിംഗ് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു.
കര്‍ഷകര്‍ക്ക് ഇതിനായി ടിന്‍ഷീറ്റ് 75% സബ്‌സിഡി നിരക്കില്‍ ബ്ലോക്ക് ഓഫീസില്‍ നിന്ന് നല്‍കും. എണ്‍പത്തിനാല് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഗ്രാമസഭകളിലൂടെ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റ് അനുസരിച്ച്  75% തുക പഞ്ചായത്തും 25% കര്‍ഷകന്റെ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുക.  കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി നല്‍കുക.കര്‍ഷകര്‍ ഇത് പ്രാദേശിക മാര്‍ഗം ഉപയോഗിച്ച് സ്ഥാപിക്കും.
അടുത്തമാസം പദ്ധതി ആരംഭിക്കും. ഗ്രാമസഭകളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. ഒരുകാലത്ത് ജില്ലയില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലായിരുന്നു കിഴങ്ങ് വര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തിരുന്നത്. കാട്ട്പന്നികളുടെ ആക്രമണം മൂലം കാര്‍ഷിക വിളകള്‍ക്ക് നാശമുണ്ടായതോട് കൂടി വന്‍ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. ഇതിന് പരിഹാരം കാണുന്നതിനായാണ് പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയുള്ള കലഞ്ഞൂര്‍ , കൊടുമണ്‍, ഏഴംകുളം , ഏനാദിമംഗലം തുടങ്ങി നാല് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പദ്ധതി ആദ്യം തയ്യാറാക്കിയെങ്കിലും പദ്ധതിക്ക് പ്ലാനിംഗ് ബോര്‍ഡ് അംഗീകാരം നല്‍കിയില്ല. നിലവില്‍ കലഞ്ഞൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കിയ ശേഷം അതിന്റെ പ്രായോഗികതയും പരിസ്ഥിതി ആഘാതത്തെക്കുറിച്ചും വിദഗ്ദ്ധ പഠനം നടത്തിയ ശേഷം മറ്റ് പഞ്ചായത്തുകളില്‍ നടപ്പിലാക്കിയാല്‍ മതിയെന്നാണ് പ്ലാനിംഗ് ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദ രാജന്‍ പറഞ്ഞു.