പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രദീപ് വലയിലാക്കിയത് ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ്. ദേശീയ മത്സ്യ കര്‍ഷകദിനാഘോഷത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന അവാര്‍ഡിനാണ് പ്രദീപ് അര്‍ഹനായത്. പത്തനംതിട്ട കടപ്ര വളഞ്ഞവട്ടം സ്വദേശിയാണ് അന്‍പത്തിയൊന്നുകാരനായ പ്രദീപ് ജേക്കബ് അലക്‌സാണ്ടര്‍. ഇന്ന് കൊല്ലം സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തില്‍ വച്ച്  പ്രദീപ് ജേക്കബ് അലക്‌സാണ്ടറിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അവാര്‍ഡ് സമ്മാനിക്കും.
ചെറുപ്പം മുതല്‍ തന്നെ മത്സ്യം വളര്‍ത്തലില്‍ പ്രദീപിന് താത്പര്യമുണ്ടായിരുന്നുവെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ സൗദിയിലേക്ക് പോകേണ്ടി വന്നപ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. 2013 ല്‍ സൗദിയില്‍ ജോലി അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴും മത്സ്യം വളര്‍ത്തല്‍ എന്ന ആഗ്രഹം പ്രദീപിനെ വിട്ട് പോയില്ല. അങ്ങനെയാണ് പ്രദീപ് പൂര്‍ണമായും മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. പോളയും , പായലും നിറഞ്ഞ് വീടിനോട് ചേര്‍ന്നുണ്ടായിരുന്ന പഴയ കുളം വൃത്തിയാക്കി വശങ്ങളില്‍ കല്ല് കെട്ടി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി.  ആദ്യമൊക്കെ ഒരു ഹോബി മാത്രമായിരുന്ന കൃഷിയിലൂടെ ലാഭമുണ്ടായി തുടങ്ങിയപ്പോഴാണ് ഇതിനെ മികച്ച ഒരു വരുമാനമാര്‍ഗമാക്കി പ്രദീപ് മാറ്റിയത്. കാര്‍പ്പ്, തിലോപ്പിയ, രോഹു, കട്‌ല , ഗ്രാസ്‌കോര്‍പ്, മൃഗാല്‍ തുടങ്ങിയ ഇനത്തിലുള്ള മീനുകളാണ് പ്രദീപിന്റെ കൃഷിയിലേറെയും. പൂര്‍ണ വളര്‍ച്ചയെത്താന്‍ ഇവയൊക്കെ അഞ്ച് വര്‍ഷമെടുക്കുമെങ്കിലും ആറുമാസം കഴിയുമ്പോള്‍ മുതല്‍ ഇവയെ വില്‍ക്കാന്‍ സാധിക്കും. ഏകദേശം ഒരു കിലോയോളം ഭാരമായിരിക്കുമുണ്ടാവുക. മറ്റേത് കൃഷിയില്‍ നിന്നും ഉണ്ടാകുന്നതിനേക്കാള്‍ ലാഭം മത്സ്യകൃഷിയിലൂടെ ഉണ്ടാകുമെന്ന് പ്രദീപും തലകുലുക്കി സമ്മതിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നതിനും തീറ്റയ്ക്കും നാമമാത്രമായ ചെലവേ ഉണ്ടാകുന്നുള്ളൂ. മത്സ്യകൃഷിക്ക് പ്രത്യേക സീസണ്‍ ഇല്ലാത്തത് കൊണ്ട് ഏത് സമയത്തും ഇതില്‍ നിന്ന് ലാഭം നേടാം. തവിട്, പിണ്ണാക്ക്, എന്നിവയാണ് മത്സ്യങ്ങള്‍ക്ക് പ്രധാനമായും നല്‍കുന്ന തീറ്റ. കൂടാതെ, ഫിഷ് ഫീഡും ഇതിനോടൊപ്പം നല്‍കുന്നു. ഗള്‍ഫ് ജോലിയേക്കാളും മനസിന് സംതൃപ്തിയും സന്തോഷവും നല്‍കുന്നത് മത്സ്യകൃഷി ആണെന്ന്് പ്രദീപ് പറയുന്നു. മത്സ്യകൃഷിക്കൊപ്പം തന്നെ പുരയിടത്തില്‍ സ്വന്തമായി ഒരു പച്ചക്കറി തോട്ടവും പ്രദീപിനുണ്ട്.    2014-15 ല്‍ ജില്ലയിലെ മികച്ച മത്സ്യകര്‍ഷകനുള്ള അവാര്‍ഡും, തിരുവല്ല ബ്ലോക്കിലെ സമ്മിശ്രകൃഷിക്കുള്ള ആത്മ അവാര്‍ഡും ഇതിന് മുന്‍പ് പ്രദീപിന് ലഭിച്ചിട്ടുണ്ട്.
മത്സ്യകൃഷിക്കൊപ്പം ഇനി അലങ്കാര മത്സ്യങ്ങളുടെ കൃഷിയും ആരംഭിക്കണമെന്നാണ് പ്രദീപിന്റെ ആഗ്രഹം. എല്ലാത്തിനും പിന്തുണയുമായി പ്രദീപിനൊപ്പം ഭാര്യ ബിന്ദുവും, മക്കള്‍ രഞ്ജിത്തും, രേഷ്മയുമുണ്ട്.