എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യു വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന റവന്യു ക്വാര്‍ട്ടേഴ്സിന്റെയും ഗസ്റ്റ് ഹൗസിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജന്‍. എല്ലാവര്‍ക്കും ഭൂമി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം നല്‍കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഡിജിറ്റലായി ഭൂമി അളക്കാനും സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള ആധുനിക സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകോപിത തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കും. ആധാറുമായി ബന്ധിപ്പിച്ചുള്ള യൂണിക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭ്യമായി. യൂണിക് തണ്ടപ്പേര്‍ സിസ്റ്റം പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. റവന്യു വകുപ്പ് അടിമുടി ആധുനികവത്കരിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കും. വിവിധ സ്ഥലങ്ങളിലുള്ള ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ റവന്യു വകുപ്പ് സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ അത്യന്തിക ലക്ഷ്യം. അതിനെല്ലാം പരിഹാരമായി അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് റവന്യു വകുപ്പ് നടത്തുന്നത്. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും വകുപ്പും പ്രവര്‍ത്തിക്കുന്നത്. വനം വകുപ്പും റവന്യുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. അടിസ്ഥാന വികസന രംഗത്ത് ശ്രദ്ധേയമായ മാറ്റം കൊണ്ട് വരും. വില്ലേജ് ഓഫീസുകളിലുണ്ടായ കാതലായ മാറ്റം പാറേമാവില്‍ ഇടുക്കി വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 70 ലക്ഷം രൂപ ചെലവഴിച്ചാണ് റവന്യു ക്വാര്‍ട്ടേഴ്സും ഗസ്റ്റ് ഹൗസും നിര്‍മ്മിക്കുന്നത്.

പാറേമാവില്‍ ഇടുക്കി വില്ലേജ് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, പഞ്ചായത്ത് മെമ്പര്‍ നൗഷാദ് ടി, എഡിഎം ഷൈജു പി ജേക്കബ്, തഹസീല്‍ദാര്‍ വിന്‍സെന്റ് ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ എംകെ പ്രിയന്‍, ജോസഫ് കുഴികണ്ടം, പികെ ജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.