അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരുമായി ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും കോവിഡ് കാലത്തെ അതിജീവന പാഠങ്ങളും പങ്കുവെയ്ക്കാം. അന്താരാഷ്ട്ര വയോജന ദിനമായ നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് പരിപാടി.

വയോജന വാരാഘോഷവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുക, ചര്‍ച്ചാ സായാഹ്നങ്ങള്‍ സംഘടിപ്പിക്കുക, നാട്ടറിവുകള്‍ പങ്കു വയ്ക്കുക എന്നിവയാണ് പ്രധാന പരിപാടികള്‍.