അഷ്ടമുടി കായല്‍ ശുചീകരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. പ്രകൃതി സൗഹൃത പ്രവര്‍ത്തനത്തിലൂടെയുള്ള കായലിന്റെ വീണ്ടെടുപ്പിന് എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കി. ലിങ്ക് റോഡിന് സമീപം രാവിലെ 8.30 ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ എട്ട് വരെ തുടരുമെന്നും മേയര്‍ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ പരിധിയിലെ 16 കായല്‍ തീരങ്ങളിലായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. 30 വള്ളങ്ങളില്‍ മത്സ്യ-കക്കാവാരല്‍ തൊഴിലാളികള്‍ കായലിന്റെ അടിത്തട്ടിലെ പ്ലാസ്റ്റിക് നീക്കം ചെയ്യും.
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ജില്ലയിലെ ക്യാമ്പസുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് മുന്നോടിയായി നഗരപ്രദേശങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും. അഷ്ടമുടി കായല്‍ ശുചീകരണവുമായി ബന്ധപ്പെട്ട് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എസ്.പി.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിട്ടുണ്ട്.

എം.പി മാരായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ് എം.എല്‍.എമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയന്‍ പിള്ള, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ബഹുജന സംഘടനകള്‍, വിദ്യാര്‍ഥി- യുവജന സംഘടനകള്‍, വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികള്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളാകും എന്നും മേയര്‍ പറഞ്ഞു.