കാസർഗോഡ്: കേന്ദ്രസർക്കാർ റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ധീരതയ്ക്കുള്ള പരമോന്നത അശോകചക്ര സീരീസ് അവാർഡുകൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ കേന്ദ്രസർക്കാറിന് ലഭിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 15. ഇതിലേക്ക് സംസ്ഥാന സർക്കാറിന് നാമനിർദേശം ലഭിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ അഞ്ച്.

അശോകചക്ര, കീർത്തിചക്ര, ശൗര്യചക്ര എന്നിവയാണ് അവാർഡുകൾ. പ്രതിരോധ സേനാംഗങ്ങൾക്ക് പുറമെ ജീവിതത്തിന്റെ നാനാതുറകളിൽപെട്ട സിവിലിയൻ പൗരൻമാർ, പോലീസ് സേനാംഗങ്ങൾ, കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവർക്കും നാമനിർദേശത്തിന് അർഹതയുണ്ട്.
നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തി അവാർഡിന് അനുയോജ്യമായ ആളാവണം.

വ്യക്തിയുടെ ധീരപ്രവൃത്തിയുടെ ക്രമപ്രകാരമുള്ള വിശദമായ വിവരങ്ങൾ, അതിനായി എടുത്ത അപായ സാധ്യത, എന്നിവ വ്യ്കതമാക്കണം. പോലീസ് എഫ്‌ഐആർ പോലെ ഇതിനെ സാധൂകരിക്കുന്ന പോലീസ് റിപ്പോർട്ടുകൾ ചേർക്കണം. വ്യക്തിയുടെ സ്വഭാവം, പൂർവ്വകാല ചരിത്രം എന്നിവ സാധൂകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ആധാരമായ സംഭവം 2020ലോ 2021ലോ നടന്നതായിരിക്കണം. വ്യക്തിയുടെ ഫോട്ടോ, ജീവിത ചിത്രം എന്നിവയും വേണം.